പട്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കൊവിഡ് ടെസ്റ്റ് നടത്തിയതായി റിപ്പോർട്ട്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ (റിംസ്) ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിനൊപ്പമുള്ള മൂന്ന് സഹായികളെയും പരിശോധനയ്ക്ക് വിധേയമാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയെന്ന രീതിയിലാണ് ടെസ്റ്റ് നടത്തിയത്.
ലാലു പ്രസാദ് ഇപ്പോൾ റിംസിലെ ഒരു സ്വകാര്യ വാർഡിലാണ് ഉള്ളത്. 'അദ്ദേഹമുള്ള വാർഡും, ആശുപത്രിയുടെ കൊവിഡ് വാർഡും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങൾക്ക് ആശങ്കയുണ്ട്. അതിനാൽ ആർ.ജെ.ഡി മേധാവിയോടും അദ്ദേഹത്തിന്റെ പരിചാരകരോടും അവരുടെ സാമ്പിൾ നൽകാൻ ആവശ്യപ്പെട്ടു'-ഡോക്ടർമാർ പറഞ്ഞു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ റിപ്പോർട്ടുകൾ വരുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ലാലു പ്രസാദ് വളരെക്കാലമായി പ്രമേഹ രോഗിയാണ്, രക്തസമ്മർദ്ധവും ഉണ്ട്. കൂടാതെ വൃക്കസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്നാണ് സൂചന. കുടുംബം അടുത്തകാലത്തായി നിരവധി തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.