kargil-victory

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി പാക്കിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്.

കാ‌ർഗിലിൽ അടൽ ബിഹാരി വാജ്പേയ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മഹാനായ പ്രധാനമന്ത്രി നൽകിയ പിന്തുണയും രാഷ്ട്രീയ പിൻബലവും ഇന്ത്യൻ സൈന്യത്തിന് കരുത്തായതെന്ന് ബി ജെ പി വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"ആർട്ടിലറി വിഭാഗം തോലോലിങ്ങിനും ടൈഗർ ഹില്ലിനും മുകളിലേക്ക് പീരങ്കിയുണ്ടകൾ പെരുമഴയായി പെയ്തിറക്കിയപ്പോൾ ലേസർ ഗൈഡഡ് ബോംബുകളുമായി ഇന്ത്യൻ വ്യോമസേനയുടെ മിഗും മിറാഷും തീ തുപ്പി. ഒടുവിൽ നാണക്കേട് മാറ്റാനായി അമേരിക്കൻ പ്രസിഡൻറിന്റെ മുൻപിൽ പോയി തിരിച്ചുവരാൻ സുരക്ഷിത പാത അനുവദിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കാലുപിടിച്ചു പറയേണ്ടിവന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

കാർഗിൽ വിജയ ദിവസം ഇന്ത്യൻ സേനയുടെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്നതാണ്. ചെങ്കുത്തായ മലനിരകൾക്ക് മുകളിൽ സുരക്ഷിതമായ ബങ്കറുകളിൽ കംഫർട്ട് സോണിൽ ഇരുന്നിരുന്ന പാക്കിസ്ഥാൻ സൈന്യം. ചീറിപ്പായുന്ന വെടിയുണ്ടകൾക്കു നടുവിലൂടെ ഓക്സിജൻ ലഭ്യത പോലും കുറവായ അന്തരീക്ഷത്തിൽ ശത്രുവിന്റെ മുന്നിലേക്ക് സധൈര്യം കടന്നുചെന്ന ഇന്ത്യൻ സൈന്യം.

തിരിച്ചു വരുന്നവരിൽ തങ്ങളിലെ മൂന്നിലൊന്ന് പേർ മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവോടെ തന്നെയാണ് ഇന്ത്യൻ സൈന്യം മല കയറിയത്. അതായത് അക്ഷരാർത്ഥത്തിൽ ഒരു ആത്മഹത്യ സ്ക്വാഡ് ആയിട്ടാണ് ഇന്ത്യൻ സൈന്യം പോരാടിയത്. ലോകത്ത് മറ്റേത് പ്രൊഫഷണൽ സൈന്യത്തിനാണ് ഈ മഹിമ അവകാശപ്പെടാനുള്ളത് ?

അടൽ ബിഹാരി വാജ്പേയ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മഹാനായ പ്രധാനമന്ത്രി നൽകിയ പിന്തുണയും രാഷ്ട്രീയ പിൻബലവും ഇന്ത്യൻ സൈന്യത്തിന് കരുത്തായി. ആർട്ടിലറി വിഭാഗം തോലോലിങ്ങിനും ടൈഗർ ഹില്ലിനും മുകളിലേക്ക് പീരങ്കിയുണ്ടകൾ പെരുമഴയായി പെയ്തിറക്കിയപ്പോൾ ലേസർ ഗൈഡഡ് ബോംബുകളുമായി ഇന്ത്യൻ വ്യോമസേനയുടെ മിഗും മിറാഷും തീ തുപ്പി.

ഒടുവിൽ നാണക്കേട് മാറ്റാനായി അമേരിക്കൻ പ്രസിഡൻറിന്റെ മുൻപിൽ പോയി തിരിച്ചുവരാൻ സുരക്ഷിത പാത അനുവദിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കാലുപിടിച്ചു പറയേണ്ടിവന്നു.

പാക്കിസ്ഥാൻ സൈന്യത്തെ അടിച്ചോടിച്ച് ഇന്ത്യൻ സൈനികർ ഏതുവരെ എത്തിയോ അതാണ് ഇന്ത്യ എന്ന് അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. എങ്ങനെ കൂട്ടിക്കിഴിച്ചാലും പാകിസ്ഥാന്റെ ചരിത്രത്തിലെ മറ്റൊരു നാണക്കേടായി കാർഗിൽ മിസ്സ് അഡ്വഞ്ചർ മാറി.

അന്നും ആഭ്യന്തര ശത്രുക്കൾ കള്ളക്കഥകളുമായി വാജ്പേയി സർക്കാരിനെയും ഇന്ത്യൻ സൈന്യത്തെയും അവഹേളിച്ചു. കാലം അത്തരം കള്ളക്കഥകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു .