ന്യൂഡൽഹി: ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി ടീമിൽ തുടരണമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ബി ജെ പി എം പി ഗൗതം ഗംഭീർ. ധോണിക്ക് പന്ത് നല്ലപോലെ അടിച്ചകറ്റാൻ കഴിയുന്ന തരത്തിൽ ഇപ്പോഴും ഫോമിലാണെങ്കിൽ, ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.
‘നിങ്ങൾ മികച്ച ഫോമിൽ തുടരുന്നിടത്തോളം കാലം, പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാൻ പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം വെറുമൊരു നമ്പർ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. അദ്ദേഹത്തിന് പന്ത് നല്ലപോലെ അടിച്ചകറ്റാൻ കഴിയുന്ന തരത്തിൽ ഇപ്പോഴും ഫോമിലാണെങ്കിൽ, ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരണം’ – ഗംഭീർ വ്യക്തമാക്കി.
‘ധോണി കളത്തിൽ തുടരട്ടെ. ആർക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിർബന്ധം പിടിക്കാനാകുക? പ്രായത്തിന്റെ പേരിൽ ധോണിയേപ്പോലുള്ള താരങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം നിറയ്ക്കുന്ന ചിലരുണ്ട്. പക്ഷേ, എപ്പോൾ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എപ്പോൾ കളി തുടങ്ങിയെന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നല്ലോയെന്നും ഗൗതം ഗംഭീർ പറഞ്ഞു.
ഈ മാസം ഏഴിന് 39 വയസ് പൂർത്തിയായ ധോണി കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം കളത്തിൽനിന്ന് മാറിനിൽക്കുകയാണ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്കായി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള ഗംഭീർ പൊതുവെ അദ്ദേഹത്തിന്റെ വിമർശകനാണ്.