gold-smuggling-case

കൊച്ചി: സ്വ‌ർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും സംഘവും സ്വ‌ർണം കെെമാറിയത് ആർ‌ക്കാണെന്ന വിവരം എൻ ഐ എയ്ക്ക് ലഭിച്ചു. നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് എൻ ഐ എ സംഘം കണ്ടെത്തി. നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്നാണ് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നൽകിയത്.

അതേസമയം സാംഗ്ലിയിലേക്ക് പോകാന്‍ കൊവിഡ് ഭീഷണിയാണ് കസ്റ്റംസിന് തടസമാകുന്നത്. കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കിമാറ്റുന്ന പ്രധാന കേന്ദ്രമാണ് സാംഗ്ലി. റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും ഇവിടേക്കാണ് കൊണ്ടുപോയത്.

നയതന്ത്രബാഗേജില്‍ അവസാനം വന്ന 30 കിലോ സ്വര്‍ണം തടഞ്ഞുവെന്നറിഞ്ഞപ്പോള്‍ നേരത്തേ എത്തിച്ചിരുന്ന സ്വര്‍ണത്തില്‍ നല്ലൊരുപങ്കും റോഡുമാര്‍ഗം കടത്തി. ഇത് പരമ്പരാഗത സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നും റമീസ് മൊഴി നൽകിയിരുന്നു.