news

1. സംസ്ഥാനത്ത് ഇന്ന് മാത്രം 5 കോവിഡ് മരണം. തൃശൂര്‍, കാസര്‍കോട്, മലപ്പുറം, കോട്ടയം ജില്ലകളിലായി മരിച്ച മൂന്നുപേരും 70 വയസു കഴിഞ്ഞവരാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ വെള്ളിയാഴ്ച മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു ഇയാള്‍. 83 വയസ്സായിരുന്നു. കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുളള ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാഹിദയുടെ അമ്മ മരിച്ചതും കോവിഡ് ബാധിച്ചാണ്. തൃശ്ശൂരില്‍ മരിച്ച വര്‍ഗ്ഗീസ് റിട്ട. കെ.എസ്.ഇ ജീവനക്കാരന്‍ ആയിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആയിരുന്ന ഇയാള്‍ ഇന്ന് രാവിലെ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
2. തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 71 വയസ്സുണ്ട്. പനിയും ചുമയും അടക്കം ലക്ഷണങ്ങളും ആയി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്ലാസ്മ തെറാപ്പിയടക്കം ചികിത്സ നല്‍കിയിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.


3. അബ്ദുള്‍ ഖാദറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 70 വയസ്സുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നത് ആയാണ് വിവരം. ഇതോടെ കാസര്‍കോട്ടു മാത്രം കൊവിഡ് മരണം അഞ്ചായി. അതിനിടെ, കോവിഡ് നിരീക്ഷണത്തില്‍ ഇയിരുന്ന ആള്‍ ഷൊര്‍ണൂരില്‍ തൂങ്ങി മരിച്ചു. പരുത്തിപ്ര സ്വദേശി സി.ആര്‍. ജിത്തു കുമാറാണ് മരിച്ചത്.
1. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കാര്‍ഗില്‍ യുദ്ധവിജയം എന്നും പ്രചോദനമാണ്. ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ സൗഹൃദത്തെ പാകിസ്താന്‍ പിന്നില്‍ നിന്നു കുത്തുക ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആണ് ഇന്ത്യ അന്ന് ശ്രമിച്ചിരുന്നത്. എന്നാല്‍ ഒരു കാരണവും ഇല്ലാതെ ശത്രുത പുലര്‍ത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്. അകാരണമായ ശത്രുത പാകിസ്താന്റെ സ്വഭാവം ആണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെ ആണ് പാകിസ്താന്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
2. അതേസമയം, രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ ഭേദപ്പെട്ട നിലയില്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തിലും മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ കൊറോണ വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലേക്ക് വൈറസ് വളരെ വേഗമാണ് പടരുന്നത്. നമ്മള്‍ ജാഗരൂകരായി തുടരണം എന്നും പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തേക്കാള്‍ കോവിഡിന്റെ വ്യാപനം കൂടുതലാണ് ഇപ്പോഴെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പോരാളികളെ ജനം ഓര്‍ക്കണം എന്നും കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതില്‍ അലസത കാണിക്കരുത്. കോവിഡിന് എതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം. ഈ പോരാട്ടം ജയിച്ചേ പറ്റുവെന്നും മോദി പറഞ്ഞു.
1. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കൊച്ചില്‍ വിളിച്ച് വരുത്തി കസ്റ്റംസ് ചോദ്യം ചെയ്യും. മൊഴിയില്‍ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് ചോദ്യം ചെയ്യല്‍. സരിത്തിനേയും സ്വപനേയും ജയ്‌ഘോഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വ്യക്തമായി. സ്വര്‍ണകടത്ത് പിടികൂടിയതിന് ശേഷവും ജയ്‌ഘോഷ് ഇവരെ വിളിച്ചിരുന്നു. ജയഘോഷിന്റെ നിയമനം ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ എന്ന് കസ്റ്റംസ് വ്യക്തമാക്കി. അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി നാളെ ചോദ്യം ചെയ്യും. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരും ആയി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
2. ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്ന സ്വര്‍ണ കടത്തിന്റെ അന്വേഷണത്തിലെ ഏറ്റവും നിര്‍ണായക ദിനത്തിന് ആണ് എന്‍.ഐ.എ ഒരുങ്ങുന്നത്. കസ്റ്റംസിന്റെ 9 മണിക്കൂര്‍ ചോദ്യം ചെയ്യലിനും എന്‍.ഐ.എയുടെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യലിനും ശേഷം മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കൊച്ചി ഓഫീസിലേക്ക് വീണ്ടും വിളിച്ചു വരുത്തുന്നു. സ്വപ്നയും സരിതും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍.ഐ.എ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളി ആയില്ലങ്കിലും സ്വര്‍ണക്കടത്ത് അറിഞ്ഞോ, കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടോ, ഗൂഡാലോചനയക്ക് സൗകര്യം ഒരുക്കിയോ എന്നതും ശിവശങ്കറിന്റെ ഭാവി നിശ്ചയിക്കുന്ന ചോദ്യങ്ങളാണ്.
3. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളില്‍ വൈരുധ്യം കേന്ദ്രീകരിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍ തുടങ്ങുക. സ്വപ്നയുടെ മൊബൈല്‍ ഫോണുകള്‍, സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമാകും. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കെന്ന് മൊഴി നല്‍കിയ സരിത്തുമായി പലതവണ ഫോണില്‍ സംസാരിച്ചത് എന്തിനെന്നതും വിശദീകരിക്കേണ്ടി വരും. കെ.ടി. റമീസ് ഉള്‍പ്പെടെ രാജ്യാന്തര ഇടപാടുകളുള്ള മറ്റ് പ്രതികളുമായി പരിചയമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. വിദേശയാത്രയും ഫോണ്‍വിളികളും അടക്കം വിവരങ്ങളെല്ലാം ശേഖരിച്ചാണ് ചോദ്യങ്ങള്‍ തയാറാക്കി ഇരിക്കുന്നത്.
1. രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. മരണം 32,000 കവിഞ്ഞു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകള്‍. പ്രതിദിന മരണം 800 ന് അടുത്തെത്തി. പതിനായിരത്തിന് അടുത്താണ് മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതര്‍. പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 63.54 ശതമാനം ആണ് രോഗ മുക്തി നിരക്ക്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലായി. രാജ്യത്തെ പ്രതിദിന പരിശോധന 4.2 ലക്ഷം കടന്നു.
2. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ആയി കോവിഡ് ബാധിച്ച് 216 പേര്‍ കൂടി മരിച്ചു. തമിഴ്നാട്ടില്‍ 89 പേരും കര്‍ണാടകയില്‍ 72ഉം ആന്ധ്രാപ്രദേശില്‍ 52 ഉം പുതുച്ചേരിയില്‍ മൂന്ന് മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്. 20,012 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 4,41,470 ആയി. 6,685 ആണ് മരണസംഖ്യ. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6,988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,409 ആയി. ചെന്നൈയില്‍ 1,329 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.