ന്യൂഡൽഹി: അടുത്തമാസം ഒന്നുമുതലുളള അൺലോക്ക് മൂന്നാം ഘട്ടത്തിലും സ്കൂളുകളും മെട്രോയും തുറക്കില്ലെന്ന് റിപ്പോർട്ട്. എന്നാൽ സിനിമാശാലകളും ജിംനേഷ്യങ്ങളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിലും മറ്റുഘട്ടങ്ങളിലെന്നപോലെ ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകും. ഓരോ സംസ്ഥാനത്തിന്റെയും അവസ്ഥ പരിഗണിച്ച് ഇളവുകൾ നൽകാനാണ് അനുവദിക്കുക.
സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായുളള കൂടിയാലോചനകൾ തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ ഉടൻ തുറക്കേണ്ടെന്നാണ് കൂടുതൽ സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്. സ്കൂളുകൾ തുറന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായംകൂടി പരിഗണിക്കുമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഉടൻ സ്കൂളുകൾ തുറക്കുന്നതിനോട് ഭൂരിപക്ഷം രക്ഷിതാക്കൾക്കും താത്പര്യമില്ല.
സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പതുശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ച് സിനിമാതീയേറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് നേരത്തേ തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയേറ്ററുകൾ തുറക്കുക. ഒപ്പം കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം.
മേയ് മൂന്നിന് ലോക്ക് ഡൗൺ 68 ദിവസം പൂർത്തിയായതോടെയാണ് സർക്കാർ അൺലോക്ക് പ്രഖ്യാപിച്ചത്. ഇപ്പോൾ അൺലോക്കിന്റെ രണ്ടാം ഘട്ടമാണ്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വളരെ കൂടുകയാണ്. കേരളമടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതൽ. കാര്യങ്ങൾ കൈവിട്ടുപാേകുമെന്ന് ഭയന്ന് ചില സംസ്ഥാനങ്ങൾ ഭാഗിക ലോക്ക് ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിട്ടുണ്ട്. അവസ്ഥ ഗുരുതരമാണെങ്കിലും വീണ്ടുസമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനാേട് കേന്ദ്രത്തിന് യോജിപ്പിച്ചില്ല.