islamic-state-

ന്യൂഡൽഹി: കൊവിഡ് മഹാമാരി ലോകരാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. അതിനിടെ കൊവിഡ് ഇന്ത്യൻ വിരുദ്ധ പ്രാചാരണമാക്കാനുള്ള അവസരമായി കണ്ട് രാജ്യത്തിനെതിരെ വെെറസിനെ ആയുധമാക്കാൻ ആഹ്വാനം ചെയ്യുകയാണ് ഐസിസ്. ഇന്ത്യൻ മുസ്ലീങ്ങൾ കൊവിഡ് വാഹകരാകാമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം. വോയിസ് ഒഫ് ഹിന്ദ് എന്ന ഐസിസിന്റെ ഓൺലെെൻ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് ദേശീയമാദ്ധ്യമമായ ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.

അവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന് മുസ്ലീങ്ങളെ ഇവ‌ർ പ്രേരിപ്പിക്കുന്നു. നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ടും ഐസിസിന്റെ പ്രസിദ്ധീകരണത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശ്വാസികൾ ജയിക്കാൻ പോവുകയാണെന്നും അവിശ്വാസികൾ തോൽക്കുകയുമാണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ. അവിശ്വാസികളെ ഇല്ലാതാക്കാൻ വേണ്ടി മുസ്ലീംങ്ങളോട് കൊവിഡ് വെെറസ് വാഹകരാകാനാണ് ഇവർ ആവശ്യപ്പെടുന്നത്.

"മുസ്ലീം അല്ലാത്തവരെ(കുഫാറുകൾ), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകൾ, കയറുകൾ, വയറുകൾ എന്നിവ ശ്വാസംമുട്ടി കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക.-ഇസ്ലാമിക് സ്റ്റേറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു. കത്രി, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗൺ സമയത്ത് പ്രസിദ്ധീകരിച്ച ഇവരുടെ പതിപ്പിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാർത്ഥികളുടെ അറസ്റ്റിനോട് പ്രതികരിക്കാൻ മുസ്ലീംങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു. നിസാമുദ്ദീൻ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഐസിസ് മാഗസിന്റെ മുഖചിത്രമായി നൽകിയിരുന്നത്. ലോക്ക്ഡൗൺ സമയത്ത് വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ മൂന്ന് ഐസിസ് ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിലും കർണാടകയിലുമടക്കം ഐസിസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയുമാണ് ഐസിസ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഭീകരവാദത്തെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലും കർണാടകയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യു എൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കേരളത്തിലും കർണാടകയിലും ഐ എസ് ഐ എൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു.