വാഷിംഗ്ടണ്‍: കൊവിഡ് ഭീഷണിയില്‍ ആശങ്കയില്‍ കഴിയുന്ന അമേരിക്കയ്ക്ക് ഇരട്ടി പ്രഹരവുമായി ഹന്ന ചുഴലിക്കാറ്റ്. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് തെക്കന്‍ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ചു. 2020ല്‍ അമേരിക്കയില്‍ ഉണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. മുന്‍ വര്‍ഷങ്ങള്‍ക്ക് വിഭിന്നമായി ഇത്തവണ കൊവിഡ് വെല്ലുവിളികള്‍ക്കിടയിലാണ് പ്രകൃതി ദുരന്തത്തെ നേരിടേണ്ടി വരുന്നത്.
സാമൂഹിക അകലം പാലിച്ച് വേണം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ. ദക്ഷിണ ടെക്‌സസില്‍ 85 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അതായത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം. അതിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. സാര്‍ജന്റ് പട്ടണം മുതല്‍ തെക്ക് പോര്‍ട്ട് മാന്‍സ്ഫീല്‍ഡ് വരെ 300 മൈല്‍ പ്രദേശത്ത് മാരകമായ കൊടുങ്കാറ്റ് വീശുമെന്ന് എന്‍.എച്ച്.സി അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും എന്‍.എച്ച്.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഒന്നരലക്ഷത്തിലധികമാണ് ഇവിടുത്തെ മരണസംഖ്യ. 40 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിനിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.