ന്യൂഡൽഹി: പരിശീലനം പൂർത്തിയാക്കി പതിനേഴാം ദിവസം ഒറ്റയ്ക്ക് യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ച ഇരുപതുകാരന്റെ മനസാണ് ഇപ്പോഴും ദലീപ് സിംഗ് മജീദിയയ്ക്ക്. നൂറാം പിറന്നാൾ ആഘോഷിക്കുമ്പോഴും, ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമേറിയ എയർഫോഴ്സ് ഫൈറ്റർ പൈലറ്റിന്റെ ഓർമ്മകൾക്ക് ഒട്ടും നരബാധിച്ചിട്ടില്ല.
സുരക്ഷിത ലാൻഡിംഗ് അസാദ്ധ്യമെന്ന് കരുതിയിരുന്ന കാഠ്മണ്ഡുവിലെ മലയടിവാരത്തിൽ
വിമാനമിറക്കിയ ആദ്യ പൈലറ്റെന്ന ബഹുമതി ദലീപിനുള്ളതാണ്. നാലുപേർക്കിരിക്കാവുന്ന എയർക്രാഫ്റ്റ് മലയടിവാരത്തിൽ വിജയകരമായി ലാൻഡ് ചെയ്തത് രണ്ടാമത്തെ ശ്രമത്തിലായിരുന്നു. ഇവിടെയാണിപ്പോൾ, ത്രുഭുവൻ ഇന്റർനാഷണൽ എയർപോർട്ടുള്ളത്.
വിമാനങ്ങളെ കൗതുകത്തോടെ നോക്കിനിന്ന ദലീപ് എന്ന പഞ്ചാബി ബാലൻ പിന്നീട് നിരവധി യുദ്ധങ്ങളിൽ ബ്രിട്ടീഷ് വ്യോമസേനയുടെ തേരാളിയായി. അത്യാധുനിക എയർക്രാഫ്റ്റുകളിൽ അഭ്യാസപ്രകടനം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിൽ ദലീപ് ബ്രിട്ടീഷ് കോമൺവെൽത്ത് എയർഫോഴ്സിന്റെ ഭാഗമായിരുന്നു. മെൽബണിൽവച്ച് ഒരു മുൻ പട്ടാളക്കാരന്റെ മകൾ ജോവാൻ സാൻഡ്രസിനെ കണ്ടുമുട്ടി. അത് പ്രണയമായി. ഒടുവിൽ സ്വന്തം നാടായ ഗോരഖ്പൂരിൽ വച്ച് 1947 ഫെബ്രുവരിയിൽ ജോവാനെ ജീവിതസഖിയാക്കി.
1947 ആഗസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സ് സ്ക്വാഡ്രൺ ലീഡറായിരിക്കെയാണ് ദലീപ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. എന്നാൽ വിമാനം പറത്താനുള്ള ആഗ്രഹം തീരാത്തതിനാൽ പ്രൈവറ്റ് പൈലറ്റായി 1979 വരെ ജോലി നോക്കി. താൻ ഇപ്പോഴും എയർഫോഴ്സിന്റെ ഭാഗമാണെന്നും ജീവിതത്തിൽ നിന്ന് മാറ്റി നിറുത്താവുന്ന ഒന്നല്ല വിമാനവും എയർഫോഴ്സുമെന്നും ദലീപ് പറയുന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ധീരൻ
അത്യാധുനിക ഹവാക്കർ ഹരികെയിൻ എയർക്രാഫ്റ്റ് പറത്തിയ ആദ്യ ഇന്ത്യൻ വൈമാനികൻ
1947ന് മുമ്പ് ഇന്ത്യൻ എയർഫോഴ്സ് നടത്തിയ പല സാഹസിക പറക്കലിലും സമ്മാനങ്ങൾ നേടിയ
പോരാളി
ആരോഗ്യ രഹസ്യം ഗോൾഫ്
നൂറാം വയസിലും തന്റെ ആരോഗ്യ രഹസ്യം ഗോൾഫ് കളിയാണെന്ന് ദലീപ് പറയുന്നു. കഴിഞ്ഞ ആഴ്ചയും താൻ ഗോൾഫ് കളിയിൽ വിജയിച്ചുവെന്നും ഈ സെഞ്ചുറിമാൻ പറയുന്നു.
വിധി, ധൈര്യം, സാഹസികത ഇതു മൂന്നും കൊണ്ട് തുന്നിച്ചേർത്തതാണെന്നാണ് ദലീപിന്റെ ജീവിതം
പുഷ്പിന്ദർ സിംഗ് ചോപ്ര, എയ്റോസ്പേസ് ചരിത്രകാരൻ