black

വാഷിംഗ്ടൺ: അമേരിക്കയിൽ ബ്ളാക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച ടെക്സാസിലെ ആസ്റ്റിനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരാൾക്ക് മരണം സംഭവിച്ചത്. പ്രതിഷേധക്കാരിൽ ഒരാളെ കാറിലെത്തിയ അക്രമി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിയാറ്റിലിലെ ക്യാപിറ്റോൾ ഹില്ലിൽ ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ കാംപെയിനിന്റെ ഭാഗമായി നടന്ന പ്രതിഷേധവും അക്രമാസക്തമായിരുന്നു. ഇതിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോൾ നിരവധിയാളുകൾക്ക്​ പരിക്കേറ്റു.നിർമ്മാണം പുരോഗമിക്കുന്ന കിംഗ്​ കൗണ്ടി ജുവനൈൽ കേന്ദ്രത്തി​നും കോർട്ട്​ഹൗസിനും പ്രതിഷേധക്കാർ തീയിട്ടതോടെയാണ്​ ബലം പ്രയോഗിക്കേണ്ടി വന്നതെന്ന്​ പൊലീസ് അറിയിച്ചു. സംഭവത്തിൽ 45 പേരെ അറസ്​റ്റ്​ ചെയ്​തു. ഇഷ്​ടിക, കല്ല്​, സ്​ഫോടക വസ്തുക്കൾ എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ 21 ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു. കാൽമുട്ടിന്​ പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണെന്ന് സിയാറ്റിൽ പൊലീസ്​ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒറിഗോണിലെ പോർട്ടാലാൻഡിൽ കഴിഞ്ഞ രണ്ടുമാസമായി പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്​. ഇവരെ അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതാണ് ക്യാപിറ്റോൾ ഹില്ലിലെ പ്രക്ഷോഭം ശക്തമാകാൻ പ്രധാന കാരണം. വെള്ളക്കാരനായ പൊലീസുകാര​ന്റെ വർണവെറിക്കിരയായി ജോർജ്​ ഫ്ലോയ്​ഡ്​ കൊല്ലപ്പെട്ടതിന്​ പിന്നാലെ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തീവ്രത കഴിഞ്ഞ കുറച്ച്​ ആഴ്​ചയായി കുറഞ്ഞു വരികയായിരുന്നു.