covid-19

വാഷിംഗ്ടൺ: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.62 കോടി കവിയവെ, ഏറ്റവുമധികം രോഗികളുള്ള അമേരിക്ക ഭീതിയിൽ. അമേരിക്കയിൽ കൊവിഡ് മരണം 1.50 ലക്ഷമായി. രോഗികൾ 45 ലക്ഷം പിന്നിട്ടു. മണിക്കൂറിൽ ശരാശരി 2,600 പോസിറ്റീവ് കേസുകളാണ് അമേരിക്കയിൽ സ്ഥിരീകരിക്കുന്നതെന്നാണ് റോയിട്ടേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിൽ ലോകത്തെ ഏറ്റവും ഉയർന്ന തോതാണ് ഇത്.

അമേരിക്കയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് ജനുവരി 21നാണ്. രോഗികൾ 10 ലക്ഷം പിന്നിടാൻ 98 ദിവസങ്ങളെടുത്തു. 20 ലക്ഷം രോഗികളാവാൻ 43 ദിവസങ്ങൾ കൂടി എടുത്തു. എന്നാൽ 30 ലക്ഷം പിന്നിട്ടത് 27 ദിവസങ്ങൾ കൊണ്ടാണ്. രോഗികളുടെ കണക്ക് 40 ലക്ഷം ആവാൻ എടുത്തതാവട്ടെ വെറും 16 ദിവസവും. ഒരു മിനുറ്റിൽ 43 പുതിയ രോഗികൾ എന്ന നിലയിലെത്തി അമേരിക്കയിലെ കൊവിഡ് വർദ്ധനവ്. അതീവ ഗുരുതര സാഹചര്യമാണ്

അമേരിക്കയിൽ നിലനിൽക്കുന്നതെന്നാണ് വിവരം.

ബ്രസീലിലും ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുകയാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലുമാണ് രോഗവ്യാപനം വർദ്ധിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിൽ തുടക്കംമുതൽ കൈവിട്ട കളിയാണ് അമേരിക്ക നടത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഗവർണർമാരും നിലപാടുകൾ അടിക്കടി മാറ്റി. ലോക്ക് ഡൗൺ, മാസ്‌ക് ധരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഈ ഭിന്നാഭിപ്രായം അമേരിക്കയെ പ്രതികൂലമായി ബാധിച്ചു. മാസ്‌ക് ധരിക്കുന്നതിനെ നിശിതമായി എതിർത്തിരുന്ന ട്രംപ് അടുത്തിടെ നിലപാട് മാറ്റിയിരുന്നു.

 50 ലക്ഷം കേസുകൾ

ലോകത്ത് 50 ലക്ഷത്തിലധികം കൊവിഡ് കേസുകൾ ജൂലായിൽ മാത്രം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. കൊവിഡ് മഹാമാരി പടർന്നുപിടിച്ചതുമുതലുള്ള ആകെ കേസുകളുടെ മൂന്നിലൊന്നാണ് ഇത്. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇക്കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി 10 ലക്ഷം വീതം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂലായ് 24ന് മാത്രം 2,​80,​000 കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്.

രാജ്യം- രോഗികൾ - മരണം

അമേരിക്ക: 43,​15,926 - 1,​49,400

ബ്രസീൽ: 23,​96,434 - 86,496

ഇന്ത്യ: 13,​93,675 - 32,190

റഷ്യ: 8,​12,485 - 13,269

ദക്ഷിണാഫ്രിക്ക: 434,200 - 6,655

മെക്സിക്കോ: 385,036 - 43,374

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനയിൽ തിയേറ്ററുകൾ തുറന്നു

ബീജിംഗ്: ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചുപൂട്ടിയ സിനിമ തിയേറ്ററുകൾ ഭാഗികമായി തുറന്നു. ഇന്നലെയാണ് തിയേറ്ററുകൾ തുറന്നത്. അഡ്വാൻസ് ബുക്കിംഗ് നിർബന്ധമാണ്. തിയേറ്ററിനകത്ത് ഭക്ഷണവും വെള്ളവും അനുവദിക്കില്ല. താപനില പരിശോധിക്കണം. ട്രാവൽ ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങൾ നൽകണം. ശാരീരിക അകലം പാലിക്കണം. ജനുവരിയിലാണ് ചൈനയിലെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയത്. പ്രധാന ചൈനീസ് നഗരങ്ങളിലെല്ലാം തിയേറ്ററുകൾ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച 21 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള കേസുകളൊന്നും ബീജിംഗിൽ രണ്ടാഴ്ചയിലധികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.