fayiz

കൊച്ചി: മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഒരു ചെറിയ ആൺകുട്ടി പൂവ് നിര്‍മിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായത്. വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ മുഖത്ത് ചിരിപടര്‍ത്താതെ കണ്ടുതീര്‍ക്കാനാവില്ല ഫായിസിന്റെ പൂവ് നിര്‍മാണം. ജീവിതത്തില്‍ തോറ്റ് പോകുമെന്ന് ഭയക്കുന്നവര്‍ക്കുള്ള മികച്ച മോട്ടിവേഷനാണ് ഫായിസിന്റെ വീഡിയോയെന്ന് കണ്ടവരെല്ലാം പറയുന്നു. നടി റീമ കല്ലിങ്കലും തന്റെ ഫേസ്ബുക്കിൽ ഫായിസിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്.'ഞമ്മക്കൊരു കൊയപ്പോല്യ' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയാണ് നാലാം ക്ലാസുകാരനായ മുഹമ്മദ് ഫായിസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച് വീഡിയോയ്ക്ക് വിദേശത്ത് പോലും ആരാധകരായിക്കഴിഞ്ഞു."ഹായ് ഫ്രണ്ട്‌സ് ഇന്ന് ഞമ്മ ഇണ്ടാക്കാന്‍ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്...എന്നാണ് വീഡിയോ തുടങ്ങുന്നത്. '' ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പോല്യ''എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഉമ്മ അറിയാതെയാണ് ഫായിസ് ഫോണ്‍ എടുത്ത് കൊണ്ടുപോയി പൂവുണ്ടാക്കുന്ന വീഡിയോ എടുത്തത്. പ്രമുഖരടക്കം നിരവധി പേരാണ് ഫായിസിനെ അഭിനന്ദിച്ച് എത്തിയത്. ഇവനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.