ഇതാഹ്: ഉത്തര്‍പ്രദേശിലെ ജില്ലാ ജയിലില്‍ 36 തടവുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതാഹ് ജില്ലാ ജയിലിലാണ് തടവുകാര്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായിരിക്കുന്നത്. കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സ്ഥലത്തെ ഒരു സ്‌കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ജയിലര്‍ കുല്‍ദീപ് സിംഗ് ബദൗരിയ പറഞ്ഞു.
'സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതാഹ് ജില്ലാ ജയിലിലെ 36 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ' ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അജയ് അഗര്‍വാള്‍ പറഞ്ഞു. സ്‌കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റിയതോടെ അവിടേക്ക് ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും ഡെപ്യൂട്ടി ജയിലറെയും നിയമിച്ചിട്ടുണ്ടെന്ന് ബദൗരിയ വ്യക്തമാക്കി. ജയിലുകളിലേക്കെത്തുന്ന പുതിയ തടവുകാരെയാണ് താല്‍ക്കാലിക ജയിലില്‍ പ്രവേശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'ഒരാളെ നേരിട്ട് ജയിലിലേക്ക് അയക്കുന്നതിനുപകരം, അവരെ താല്‍ക്കാലിക ജയിലിലേക്ക് അയക്കും. അവിടെ നിന്ന് കൊവിഡ് -19 പരിശോധനയും നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അവരെ ആദ്യം എല്‍1 ആശുപത്രിയില്‍ പ്രവേശിപ്പിക്കും, സുഖം പ്രാപിച്ച ശേഷം ജയിലില്‍ പ്രവേശിപ്പിക്കും' ജയിലര്‍ ബദൗരിയ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 63,742 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1387 പേര്‍ക്ക് ജീവനും നഷ്ടമായിട്ടുണ്ട്. നിലവില്‍ 22,452 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.