inter-milan

മിലാൻ : ഇറ്രാലിയൻ സെരി എയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്റർമിലാൻ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജെനോവയെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ അറ്റ്‌ലാന്റയെ മറികടന്ന് രണ്ടാമതെത്തി. ഒന്നാം സ്ഥാനത്തുള്ള യുവന്റസുമായുള്ള പോയിന്റകലം നാലായി കുറയ്ക്കാനും ഇന്ററിനായി. റൊമേലു ലുക്കാകുവിന്റെ ഇരട്ടഗോളുകളും അലക്സിസ് സാഞ്ചസിന്റെ ഗോളുമാണ് ഇന്ററിന് ജയമൊരുക്കിയത്.36 മത്സരങ്ങളിൽ നിന്ന് ഇന്ററിന് 76 പോയിന്റാണുള്ളത്.ഒന്നാമതുള്ള യുവന്റസിന് 35 കളികളിൽ നിന്ന് 80 പോയിന്റും.

34-ാം മിനിറ്രിലാണ് ലുക്കാകു ഇന്ററിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. മത്സരത്തിന്റെ അവസാന ഏഴ് മിനിറ്രിലാണ് ഇന്ററിന്റെ ബാക്കി രണ്ട് ഗോളുകളും പിറന്നത്. അലക്സി സാഞ്ചസിലൂടെ 83-ാം മിനിറ്രിൽ ലീഡുയർത്തിയ ഇന്ററിനായി മത്സരമവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ലുകാകു ഗോൾ പട്ടിക പൂ‌ർത്തിയാക്കി.

മറ്രൊരു മത്സരത്തിൽ എ.സിമിലാനെതിരെ 1-1ന്റെ സമനിലയിൽ കുരുങ്ങിയത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അറ്ര്‌ലാന്റയ്ക്ക് തിരിച്ചടിയായി. ഹകാൻ കാൽഹോംഗ്ലൂവിലൂടെ ലീഡെടുത്ത മിലാനെ സപാറ്ര നേടിയ ഗോളിലാണ് അറ്ര്‌ലാന്റ സമനിലയിൽ പിടിച്ചത്. മൂന്നാം സ്ഥാനത്തേക്കിറങ്ങിയ അറ്റലാന്റയ്ക്ക് 75 പോയിന്റാണുള്ളത്.

നാപ്പൊളി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സസൗളോയെ കീഴടക്കി. എട്ടാം മിനിറ്റിൽ എൽസെയ്ദ് ഹൈസാജാണ് നാപ്പൊളിയുടെ ആദ്യ ഗോൾ നേടിയത്.തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ അല്ലൻ രണ്ടാം ഗോൾ നേടി. ലീഗിൽ ഏഴാം സ്ഥാനത്താണ് നാപ്പൊളി.സസൗളോ എട്ടാം സ്ഥാനത്തും.