വുഡ്ലാൻഡ്സ് : ലോകത്തിന് പ്രതീക്ഷ നൽകി സിംഗപ്പൂരിലെ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കെന്ന് സൂചന. മനുഷ്യരിലെ വാക്സിൻ പരീക്ഷണം ഈ ആഴ്ച തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ സ്‌കൂളും അമേരിക്കൻ മരുന്നുകമ്പനിയായ ആർക്‌ട്രസ് തെറാപ്യൂട്ടിക്സും ചേർന്നാണ് മരുന്ന് വികസിപ്പിക്കുന്നത്. ലൂണാർ- കോവ് -19 എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ ആഗോളതലത്തിൽ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തുന്ന 25ഓളം വാക്സിനുകളിൽ ഒന്നാണ്. ലോകത്താകെ 141ഓളം വാക്സിനുകൾ ആദ്യഘട്ട പരീക്ഷണങ്ങളിലാണ്. രാജ്യത്തെ വിവിധ പ്രായത്തിലുള്ള 108ഓളം സന്നദ്ധപ്രവർത്തകരിലാണ് മരുന്ന് പരീക്ഷിക്കുക. വാക്സിന്റെ സുരക്ഷിതത്വവും കൊവിഡ് വൈറസിനെ നേരിടാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി നിരീക്ഷിക്കുന്നതുമാണ പ്രധാനമെന്ന് ഡ്യൂക്ക് മെഡിക്കൽ സ്‌കൂൾ ഡയറക്ടർ ഊയി എംഗ് ഇയോംഗ് വ്യക്തമാക്കി.