സ്ത്രീകളെ വാർപ്പുമാതൃകകളിലേക്ക് ഒതുക്കുന്ന, അവരെ മുന്നോട്ട് വരാൻ അനുവദിക്കാത്ത ഒരു സാമൂഹിക ക്രമത്തിലാണ് നാം ഇതുവരെ ജീവിച്ചത്. പെണ്ണിന്റെ സ്ഥാനം അടുക്കളയിലാണ്, അവൾക്ക് പാചകം പോലുള്ള കാര്യങ്ങളാണ് യോജിച്ചത്, പുരുഷന്റേതെന്ന് പറയപ്പെടുന്ന ഇടങ്ങളിൽ അവൾക്ക് സ്ഥാനമില്ല, തുടങ്ങിയ അറുപഴഞ്ചൻ സമീപനങ്ങളിൽ തങ്ങളെ തളച്ചിടാനായി ശ്രമിക്കുന്നവരെ ആട്ടിയോടിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകൾ.
തൊഴിലിലൂടെയും പുതിയ ജീവിത സാഹചര്യങ്ങളിലൂടെയും സ്വയംപര്യാപ്തത കൈവരിച്ച അവർ കാലാകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന പിതൃമേധാവിത്ത മനസ്ഥിതിയെ തങ്ങളുടെ ശക്തമായ നിലപാടുകൾ കൊണ്ട് തച്ചുടയ്ക്കുകയാണ് ഇന്ന്.
ഇതേ പാത പിന്തുടർന്നുകൊണ്ട് സ്ത്രീവിരുദ്ധ ചിന്താഗതികളെ തന്റെ 'റോസ്റ്റിംഗി'ലൂടെ പൊളിച്ചടുക്കുകയാണ് യൂട്യൂബറായ ഗായത്രി ബാബു. വൻ പ്രചാരത്തോടെ മുന്നേറുന്ന 'ഗെറ്റ് റോസ്റ്റ് വിത്ത് ഗായ3' എന്ന തന്റെ പരിപ്പാടിയിലൂടെ ഇത്തരം ചിന്താഗതികളെ ശക്തമായി വിമർശന വിധേയമാണ് ഗായത്രി ബാബു. ഗായത്രിയുടെ 'റോസ്റ്റിംഗി'നെ അഭിനന്ദിച്ചുകൊണ്ടുള്ള ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ കുറിപ്പ് വായിക്കാം.
'സാമൂഹിക വിമർശനം, തിരുത്തൽ, ഫെമിനിസം പോലുള്ള പുരോഗമന ആശയങ്ങൾ ഇനി പുതുതലമുറയിൽ എത്താൻ ഒരു entertainment മാധ്യമം കൂടിയേ പറ്റൂ. ട്രോളിലൂടെയോ, പാട്ടിലൂടെയോ, കലകളിലൂടെയോ എത്തുന്നത്ര റീച്ച് പ്രസംഗങ്ങൾക്കോ പ്രഭാഷണങ്ങൾക്കോ പുസ്തകങ്ങൾക്കോ കിട്ടില്ല. ലളിതമായി അത്തരം ആശയങ്ങൾ പറയുന്നതോടൊപ്പം കേൾവിക്കാരനു ആനന്ദവും കിട്ടണം. എന്നാലേ ആശയം കൂടുതൽ ജനകീയമാവൂ.
സെക്സിസ്റ്റ് തമാശകൾ വെറും തമാശകളാണെന്നും, അതാണ് ലോകനിലവാരമുള്ള തമാശകളെന്നും പറയുന്ന വിവരദോഷികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. പാട്രിയർക്കി നിരന്തരം കയ്യടിച്ചു ആളാക്കിയതിന്റെ അഹങ്കാരത്തിൽ സത്യം മനസിലാക്കാനുള്ള സെൻസ് നഷ്ടപ്പെട്ടതാവാം അവർക്ക്.
അവരോടൊക്കെ കാര്യം പറഞ്ഞു മനസിലാക്കുന്നതിലും ഭേദം നാട്ടുകാരെ കാര്യം ബോധ്യപ്പെടുത്തൽ ആണ്. ഗായത്രി എന്നയാൾ യൂട്യൂബിൽ ചെയ്യുന്ന റോസ്റ്റിംഗ് വീഡിയോകളാണ് മലയാളത്തിൽ ഇന്നുവരെ കണ്ട ഏറ്റവും നല്ല സാമൂഹ്യവിമർശന വീഡിയോകൾ.
സിനിമാ വിമർശനവും ഗായത്രി നന്നായി ചെയ്യുന്നു. ചില ചാനലുകൾ കോപ്പിറൈറ്റ് ഉമ്മാക്കി കാണിച്ചു വിരട്ടിയിട്ടു അവർ സ്വയം exposed ആയി എന്നല്ലാതെ ഗായത്രിക്ക് ഒന്നും സംഭവിച്ചില്ല.
ബോറടിക്കാതെ റോസ്റ്റിംഗ് കാണാൻ ഗായത്രിയെ ഫോളോ ചെയ്യുക. Get roast with gaya 3.'