ന്യൂഡൽഹി: ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ഒരു എസ്.യു.വി നിര്‍മ്മിക്കാൻ തുടങ്ങിയപ്പോ വ്യത്യാസമായ പ്രതികരണങ്ങളാണ് ലഭിച്ചത്. 2017 ഡിസംബറില്‍ വിപണിയിലെത്തിയ ഉറൂസ് ആണ് ലംബോര്‍ഗിനിയുടെ എസ്.യു.വി. 2 വര്‍ഷം കൊണ്ട് 10,000-ല്‍ അധികം യൂണിറ്റ് ഉറൂസുകളാണ് ലംബോര്‍ഗിനി ലോകമെമ്പാടും വിറ്റഴിച്ചത്. കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മോഡല്‍ 2 വര്‍ഷം കൊണ്ട് 10,000-ല്‍ അധികം യൂണിറ്റ് വില്പന നേടുന്നത്.
ഷാസി നമ്പര്‍ 10,000 എന്ന് രേഖപ്പെടുത്തിയ ഉറൂസ് അടുത്തിടെയാണ് ലംബോര്‍ഗിനിയുടെ സാന്റാഅഗാത ബോളോണീ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങിയത്. റഷ്യയിലെ ഒരു ഉപഭോക്താവിന്റെ പക്കലേക്കാണ് പുതിയ നെറോ നോക്റ്റിസ് മാറ്റ് (ബ്ലാക്ക്) നിറം പൂശിയ 10,000-മത് ലംബോര്‍ഗിനി ഉറൂസ് എത്തുക. 2018 ജനുവരിയിലാണ് ലംബോര്‍ഗിനി ഉറുസ് ഇന്ത്യയില്‍ വില്പനക്കെത്തിയത്. ലോകത്തെ ആദ്യത്തെ സൂപ്പര്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന വിശേഷണവുമായെത്തിയ ഉറൂസിന് 3 കോടിയ്ക്ക് മുകളിലാണ് എക്സ്-ഷോറൂം വില.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.6 സെക്കന്‍ഡുകള്‍ മതി ഉറൂസിന്.എതിരാളികളില്‍ പ്രധാനിയായ ബെന്റ്ലി ബെന്‍ടൈഗയെ മറികടന്നു ലോകത്തിലെ ഏറ്റവും വേഗതയുള്ള എസ്.യു.വിയാണ് ഉറൂസ്.
305 കിലോമീറ്ററോളമാണ് പരമാവധി വേഗത. ഇന്ത്യയില്‍ പ്രശസ്തരായ പലരും ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനി, ബോളിവുഡ് നടന് രണ്‍വീര്‍ സിംഗ്, സംവിധായകന് രോഹിത് ഷെട്ടി, കന്നഡ നടന്മാരായ ദര്ശന്, പുനീത് രാജ്കുമാര് എന്നിവരെല്ലാം ഈ ലിസ്റ്റിലുണ്ട്.