അബുദാബി: കൊവിഡിനെതിരായ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ അബുദാബിയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലേറെ പേർ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ രാജ്യം വിട്ടുപോകാൻ പാടില്ല.
ഇതിനിടെ7 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടർ പരിശോധനയ്ക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി പറഞ്ഞു.
ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാൻ താത്പര്യമുള്ള 18നും 60നും ഇടയിൽ പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരുമായവർ www.4humanity.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ചൈനയിലെ നാഷണൽ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്‌സ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിംഗ് ഗ്രൂപ്പായ 42ഉം ചേർന്നാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.