ദുബായ്: രണ്ടു പെൺകുട്ടികളുടെ അമ്മയും 40 വയസുകാരിയുമായ മലയാളി വീട്ടമ്മയെ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ 25 വർഷത്തേക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് ദുബായ് കോടതി. ശേഷം ഇയാളെ യു.എ.ഇയിൽ നിന്നും നാടുകടത്തുകയും ചെയ്യും.
കഴിഞ്ഞ വർഷം സെപ്തംബർ എട്ടിനാണ് സംഭവം നടന്നത്. അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് ഭർത്താവായ 44കാരൻ ഉഗേഷ് സി.എസ് സ്വന്തം ഭാര്യയായ വിദ്യ ചന്ദ്രനെ കൊലപ്പെടുത്തിയത്.
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജരാണ് ഇവർക്ക് പരപുരുഷബന്ധമുണ്ടെന്ന് താൻ സംശയിക്കുന്നതായി ഉഗേഷിന് ഫോൺ സന്ദേശം അയക്കുന്നത്. തുടർന്ന് ഭാര്യയെച്ചൊല്ലി സംശയാലുവായ ഇയാൾ വിദ്യയുടെ ജോലിസ്ഥലത്ത് എത്തുകയും മാനേജരുമായി സംസാരിക്കുകയും ചെയ്തു.
ശേഷം, ജോലി കഴിഞ്ഞ് സ്ഥാപനത്തിലെ പാർക്കിങ് സ്ഥലത്തേക്ക് വന്ന വിദ്യ, ഭർത്താവ് തന്നെ മാനേജരുടെ മുന്നിൽ അപമാനിതയാക്കി എന്ന കാരണത്താൽ ഉഗേഷ് ശബ്ദമുയർത്തി സംസാരിച്ചു. തുടർന്നാണ് ഭാര്യയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്ന് പ്രാവശ്യമാണ് ഇയാൾ വിദ്യയെ കുത്തിയത്. വിദ്യ തന്റെ ഭർത്താവിൽ നിന്നും നിരന്തരം പീഡനങ്ങൾ നേരിട്ടിരുന്നായും അതെല്ലാം അവർ നിശബ്ദമായി സഹിച്ചുകൊണ്ട് ജീവിക്കുകയായിരുന്നുവെന്നും ഇവരുടെ സുഹൃത്തായ യുവതി പറയുന്നു.
തന്റെ തുച്ഛമായ ഭക്ഷണം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന വിദ്യ ചിലപ്പോഴൊക്കെ വെറും ബിസ്‌ക്കറ്റുകൾ മാത്രം കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും ഇവർ പറയുന്നു. ഭർത്താവിനാൽ കൊല്ലപ്പെട്ട ദിവസം രാത്രി വിദ്യ ഓണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.