മുംബയ്: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40 വയസുകാരൻ പിടിയിൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പൊലീസിന് പരാതി നൽകിയത്.
താനെയിലെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പൊലീസ് പിടികൂടിയത്. തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നൽകുന്നതിനായി എത്തിയ ഏതാനും കുട്ടികളാണ് ഇയാൾ മേൽപ്പാലത്തിൽവെച്ച് പട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത് കണ്ടത്.
തുടർന്ന്, കുട്ടികൾ മൃഗസംരക്ഷണ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. വിഷയത്തിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയെങ്കിലും അവർ കേസെടുക്കാൻ തയ്യാറായില്ല. പൊലീസ് മടി കാട്ടിയതോടെ മൃഗസംരക്ഷണ പ്രവർത്തകർ താനെ പൊലീസ് കമ്മീഷണർക്ക് നേരിട്ടുതന്നെ പരാതി നൽകുകയായിരുന്നു.
കമ്മീഷണർ ഇടപെട്ടതോടെയാണ് ലോക്കൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചത്. ശേഷം, ഉടൻതന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.