ഇന്റോർ: നൂറു രൂപ കൈക്കൂലി കൊടുക്കാതിരുന്നതിന്റെ പേരിൽ മുട്ട വിൽപനക്കാരനായ പരസ് റെയ്കറെന്ന 14 കാരന്റെ മുട്ടകൾ മുഴുവൻ അധികൃതർ തട്ടിമറിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയ്ക്ക് ഇപ്പോൾ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും സഹായ വാഗ്ദാനങ്ങൾ ലഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കുട്ടിക്കും കുടുംബത്തിനും വീട് നൽകുമെന്ന് ഇന്റോറിലെ ബി.ജെ.പി എ.എൽ.എ രമേഷ് മെന്തോല അറിയിച്ചു. മെന്തോല റെയ്കർക്ക് ഒരു സൈക്കിളും 2,500 രൂപയും നൽകി കഴിഞ്ഞു. റെയ്കറിന്റേയും സഹോദരങ്ങളുടേയും വിദ്യാഭ്യാസ ചെലവുകൾ വഹിക്കുമെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് പ്രഖ്യാപിച്ചു. കൂടാതെ പതിനായിരം രൂപയും അദ്ദേഹം നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന് കുട്ടിയുടെ വീട്ടുകാർ പറയുന്നു.