പുനൈ: പട്ടിണി മാറ്റാൻ നടുറോഡിൽ 'വടി വീശൽ' അഭ്യാസ പ്രകടനം നടത്തി സോഷ്യൽമീഡിയയിൽ വൈറലായ 85കാരി 'യോദ്ധാ മുത്തശ്ശി' ശാന്താബായി പവാറിനെത്തേടി അഭിനന്ദന, സഹായ പ്രവാഹം.
ഇന്നലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖ് ശാന്താബായിയുടെ വീട്ടിൽ നേരിട്ടെത്തി ഒരുലക്ഷം രൂപയും സാരിയും സമ്മാനിച്ചു.
'യോദ്ധാ മുത്തശിയെ നേരിൽ കാണാൽ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ശരിക്കും പ്രചോദനകരമാണ് മുത്തശിയുടെ ജീവിതം.' - മന്ത്രി പറഞ്ഞു. അതോടൊപ്പം ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടിയ 15000ത്തോളം വയോജനങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന പുനൈ പൊലീസിന്റെ പ്രത്യേക സെല്ലിനെയും മന്ത്രി അഭിനന്ദിച്ചു. മനുഷ്യത്വത്തിന്റെ മുഖമാണ് പുനൈ പൊലീസിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ പരമ്പരാഗത ആയോധനകലയായ 'ലാത്തി- കത്തി' (വടികൊണ്ടുള്ള കളരിപ്പയറ്റ് പോലത്തെ അഭ്യാസ പ്രകടനം) പയറ്റുന്ന ശാന്തയുടെ 23 സെക്കൻഡുള്ള വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 'യോദ്ധാ മുത്തശ്ശി" എന്നപേരിൽ നടൻ റിതേഷ് ദേശ്മുഖും, പുനൈ പൊലീസ് കമ്മിഷണറും ഉൾപ്പെടെയുള്ള പ്രമുഖർ വീഡിയോ റീ പോസ്റ്റ് ചെയ്തു.
തെരുവിൽ അഭ്യാസപ്രകടനം നടത്തുന്നവരാണ് ശാന്തയുടെ കുടുംബം. എട്ടുവയസുള്ളപ്പോൾ അച്ഛനിൽ നിന്നാണ് ഞാണിൽമേൽ പ്രകടനവും വടിവീശലുമൊക്കെ ശാന്ത സ്വായത്തമാക്കിയത്. ഇപ്പോൾ ചെറുമക്കളാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. എന്നാൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ തൊഴിൽ നിലച്ചു. പട്ടിണിയായി. സ്വന്തം കൊച്ചുമക്കളും തന്റെ സംരക്ഷണയിലുള്ള അനാഥക്കുട്ടികളും പട്ടിണികിടക്കുന്നത് സഹിക്കവയ്യാതെയാണ് ശാന്ത വടികൾ പൊടി തട്ടിയെടുത്ത് തെരുവിലേക്കിറങ്ങിയത്. പ്രായമേറിയതിനാൽ പലരും വിലക്കിയെങ്കിലും മുത്തശ്ശി വകവച്ചില്ല.
വീഡിയോ വൈറലായതോടെ പ്രായത്തെ വെല്ലുന്ന അഭ്യാസപ്രകടനം നടത്തിയ ശാന്തയെത്തേടി നാടിന്റെ പലഭാഗത്തു നിന്നും സഹായമെത്തി.