m-sivasankar

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻ.ഐ.എ ഓഫീസിൽ എത്തി. രാവിലെ ഒമ്പതേകാലോടെയാണ് എത്തിയത്. അല്പസമയത്തിനുളളിൽ ചോദ്യംചെയ്യൽ ആരംഭിക്കും എന്നാണറിയുന്നത്. എൻ ഐ എയുടെ രണ്ട് പ്രോസിക്യൂട്ടർമാർ,അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരും ഓഫീസിൽ എത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കർ പുലർച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ചോദ്യം ചെയ്യലിൽ മൊഴികളിലെ വെെരുദ്ധ്യം പരിശോധിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എൻ ഐ എയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയത്.

എൻ.ഐ.എയുടെ ദക്ഷിണേന്ത്യൻ കേന്ദ്രമായ ഹൈദരാബാദ് യൂണിറ്റിൽ നിന്നുള്ള ഐ.ജി രവിശങ്കറിന്റെയും മറ്റൊരു ഐ.ജിയുടെയും നേതൃത്വത്തിൽ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുൽ ആയിരിക്കും പ്രത്യേക മുറിയിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. ചോദ്യംചെയ്യൽ ഡൽഹിയിലെ ആസ്ഥാനത്തിരുന്ന് എൻ.ഐ.എ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ‌ർ മോദി വീഡിയോ കോൺഫറൻസ് വഴി നിരീക്ഷിക്കും.

ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂർണമായി ചിത്രീകരിക്കും. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സ്വർണക്കടത്തിൽ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,​ കുറ്റസമ്മതം നടത്തുകയോ ചെയ്താൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് എൻ.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.ശിവശങ്കറിനെതിരെ സാഹചര്യത്തെളിവുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കർ ഇവർ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നോ,​ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക. പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബർ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യൽ. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ഉപയോഗിക്കും.