bjp-councillor

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബി ജെ പി കൗൺസിലർ ടി എൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ തന്നെയാണ് വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ സംസ്കാരം നടന്നത്.

ഇന്നലെ ഉച്ചയോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇദ്ദേഹത്തിന്റെ പള്ളിയായ ചുങ്കം ചാലുകുന്ന് സി.എസ്.ഐ പള്ളിയിൽ സംസ്‌കരിക്കാനായിരുന്നു ആലോചന. എന്നാൽ പള്ളി അധികൃതർ അനുവാദം നൽകിയില്ല. തുടർന്ന് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചത്.

വിവരം പുറത്തറിഞ്ഞതോടെ ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ മുട്ടമ്പലം അംബേദ്ക്കർ കോളനി നിവാസികൾ പ്രതിഷേധവുമായി റോഡ് വേലികെട്ടി അടച്ച് ശ്മശാനത്തിലേയ്ക്കുള്ള റോഡിൽ കുത്തിയിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാൽ പിന്നീട്​ ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇടപ്പെട്ടതോടെ വയോധികന്റെ സംസ്​കാരം അർദ്ധരാത്രിയോടെ വൻ പൊലീസ്​ കാവലിൽ മുട്ടമ്പലത്ത്​ തന്നെ നടത്തുകയായിരുന്നു.