sivasanakr
സ്വർണക്കകടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം.ശിവശങ്കർ കൊച്ചി എൻ.ഐ.എ ഓഫീസിൽ എത്തിയപ്പോൾ. ഫോട്ടോ: അനുഷ് ഭദ്രൻ

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിൽ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിന്റെ പരിണിതഫലം എന്താകുമെന്ന ആകാംക്ഷയിൽ കേരളം. കൊച്ചി കടവന്ത്രയിലെ എൻ.ഐ.എ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയത്. ദേശവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യു.എ.പി.എ)​ കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.

ചോദ്യം ചെയ്യൽ സംഘം
എൻ.ഐ.എയുടെ ദക്ഷിണേന്ത്യൻ മേധാവി കെ.ബി.വന്ദന, ഹൈദരാബാദ് യൂണിറ്റിൽ നിന്നുള്ള ഐ.ജി രവിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുൽ ആണ് പ്രത്യേക മുറിയിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഡൽഹിയിലെ ആസ്ഥാനത്തിരുന്ന് എൻ.ഐ.എ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ‌ർ മോദി വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യൽ നിരീക്ഷിക്കുന്നുണ്ട്. ശിവശങ്കർ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നതും കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും.

56 ചോദ്യ​ങ്ങൾ

ശിവശങ്കറിനോട് ചോദിക്കാനായി എൻ.ഐ.എ സംഘം തയ്യാറാക്കിയിരിക്കുന്നത് 56 കടുകട്ടി ചോദ്യങ്ങളാണ്. മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായി സൗഹൃദമുണ്ടെന്ന് നേരത്തെ തന്നെ ശിവശങ്കർ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളും ഉപചോദ്യങ്ങളുമുണ്ടാകും. പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബർ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യൽ. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തും.

എൻ.ഐ.എ ഉത്തരം തേടുന്നത്

 പ്രതികളുടെ സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നോ?

 ഇതുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടുണ്ടോ?

 സ്വർണക്കടത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമോ സാമ്പത്തിക നേട്ടമോ ലഭിച്ചിട്ടുണ്ടോ?

 ശിവശങ്കറിന്റെ ഔദ്യോഗിക വാഹനത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ?

 സ്വർണം പിടികൂടുന്നതിന് മുമ്പും പിന്നീടും പ്രതികൾ ബന്ധപ്പെട്ടിരുന്നോ?

 സ്വർണം പിടിച്ച ശേഷം സ്വപ്‌നയെയും സന്ദീപിനെയും രക്ഷപ്പെടാൻ സഹായിച്ചോ?

 സ്വപ്‌ന ഒരുക്കിയ സ്വകാര്യ പാർട്ടിയിൽ പങ്കെടുത്തത് എന്തടിസ്ഥാനത്തിൽ?

 പ്രതികൾക്ക് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു നൽകിയത് എന്തിന്?

 സ്വർണം പിടിച്ച ദിവസം സ്വപ്‌നയുമായി സംസാരിച്ചത് എന്ത്?

 ഇതെല്ലാം കൂടാതെ നേരത്തെ നൽകിയ മൊഴികളിലെ വൈരുദ്ധ്യം ചോദ്യങ്ങളായി ഉയരും

ശിവശങ്കർ എത്തി

ഇന്ന് പുലർച്ചെ 4.30ഓടെയാണ് ശിവശങ്കർ സ്വന്തം കാറിൽ തിരുവനന്തപുരത്തെ പൂജപ്പുരയിലെ വസതിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. 9.20ഓടെ അദ്ദേഹം എൻ.ഐ.എ ഓഫീസിലെത്തി. പുറപ്പെട്ടപ്പോൾ കഴക്കൂട്ടം വരെ ശിവശങ്കറിന്റെ വാഹനത്തിന് പൊലീസ് സുരക്ഷയൊരുക്കി. കൊച്ചിയിൽ എത്തിയപ്പോൾ കടവന്ത്ര പൊലീസ് സുരക്ഷ ഏറ്റെടുത്തു. ചോദ്യം ചെയ്യൽ നടക്കുന്ന എൻ.ഐ.എ ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശിവശങ്കർ എത്തിയതോടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ടി.വി ചാനലുകളും ഫോട്ടോഗ്രാഫർമാരും തിരക്കുകൂട്ടി. കാറിൽ നിന്നിറങ്ങിയ ശിവശങ്കർ മാദ്ധ്യമപ്രവർത്തകരോട് ഒന്നും സംസാരിച്ചില്ല. കൈകൾ പിന്നിൽ കെട്ടി ഓഫീസിലേക്ക് അദ്ദേഹം കയറിപ്പോയി. സംസ്ഥാന സർവീസിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ചോദ്യം ചെയ്യൽ നേരിടുന്നതിനാൽ തന്നെ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

അറസ്‌റ്റോ മാപ്പുസാക്ഷിയോ?​

ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ അറസ്‌റ്റു ചെയ്യുമോ വിട്ടയയ്ക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ചോദ്യങ്ങൾക്ക് ശിവശങ്കർ നൽകുന്ന മറുപടികൾ തൃപ്‌തികരമല്ലെങ്കിൽ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും എൻ.ഐ.എ നടത്തിയിട്ടുണ്ട്. അറസ്‌റ്റ് ഉണ്ടായില്ലെങ്കിൽ ശിവശങ്കറിനെ കേസിൽ മാപ്പുസാക്ഷിയാക്കാനുള്ള സാദ്ധ്യതയും ഉണ്ട്. അറസ്‌റ്റ് ഉണ്ടാവുകയാണെങ്കിൽ കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ കോലാഹലങ്ങൾക്കായിരിക്കും വഴിതുറക്കുക. സർക്കാരിനും ക്ഷീണമാകും. മാത്രമല്ല,​ പ്രതിപക്ഷം സർക്കാരുമായി യുദ്ധമുഖം തുറക്കുകയും ചെയ്യും.

നേരത്തെ 14 മണിക്കൂർ, ഇന്ന്..?

കേസുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ കസ്‌റ്റംസ് 9 മണിക്കൂറും എൻ.ഐ.എ 5 മണിക്കൂറും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. പ്രതികളുമായി സൗഹൃദം മാത്രമെയുള്ളൂവെന്നും സ്വർണക്കടത്ത് നടത്തുന്ന വിവരം അറിയില്ലായിരുന്നുവെന്നുമാണ് ശിവശങ്കർ അന്ന് മൊഴി നൽകിയത്. ഇതൊന്നും തന്നെ അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്വർണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് കേസിലെ ഒന്നാംപ്രതി സരിത്ത് നേരത്തെ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായി പ്രതികൾ രണ്ട് ഏജൻസികളോ‌ടും സമ്മതിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പദ്ധതികളും ഫ്ളാറ്റിൽ വച്ചാണ് ആസൂത്രണം ചെയ്‌തതെന്നും അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് വിശദമായ ചോദ്യം ചെയ്യലിനാകും എൻ.ഐ.എ ശിവശങ്കറിനെ വിധേയമാക്കുക. ഒരുപക്ഷേ, അത് മണിക്കൂറുകൾ നീണ്ടുപോയേക്കാം.