modi-note-ban

തിരുവനന്തപുരം: 2016 നവംബർ എട്ടിന് രാത്രി എട്ടുമണിക്കായിരുന്നു 1000,500 നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത്. പെട്ടെന്നുള്ള പ്രഖ്യാപനം കേട്ട് രാജ്യം ഒന്നടങ്കം ഞെട്ടി. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വിപ്ലവകരമായ നടപടിയായിട്ടാണ് ഇതിനെ പ്രധാനമന്ത്രി അവതരിപ്പിച്ചത്.

അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദപ്രവർത്തനങ്ങൾ പോലുള്ള വേണ്ടിയുള്ള ഫണ്ട് സമാഹരണം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നു. ഇതിൽ വലിയൊരുപങ്കും 500, 1000 രൂപയുടെ കറൻസി നോട്ടുകളാണ്. അതിനാലാണ് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ രാജ്യത്ത് അസാധുവാക്കിയത്‌ എന്നായിരുന്നു പ്രഖ്യാപന വേളയിൽ മോദി പറഞ്ഞത്.

പാകിസ്ഥാനിലെ സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസിയായിരുന്നു എക്കാലത്തും ഭീകരവാദത്തിന്റെ ഫണ്ടിംഗ്. ഇന്ത്യ നോട്ട് അച്ചടിക്കുന്ന അതേ പേപ്പറും മഷിയും സുരക്ഷാമാനദണ്ഡങ്ങളും! പാകിസ്ഥാനിലെ പെഷവാറിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അച്ചടിക്കാൻ പാക് സർക്കാരിന്റെ പ്രസുള്ളതായി ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കൽ നടപ്പാക്കിയതോടെ ഈ പണമൊഴുക്ക് നിലച്ചു. അതിനുശേഷമാണ് തീവ്രവാദഫണ്ടിംഗിന് സ്വർണക്കടത്ത് വ്യാപകമായത്. ഇതോടെ സ്വപ്നയെപ്പോലുള്ളവരുടെ നല്ലകാലം തെളിഞ്ഞുവെന്നാണ് എൻ.ഐ.എ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പണത്തോടുള്ള ആർത്തികൊണ്ടാണ് സ്വപ്ന സ്വർണക്കടത്തിനിറങ്ങിയെന്നാണ് ആദ്യം ഏവരും കരുതിയിരുന്നത്. എന്നാൽ ആ കള്ളക്കടത്ത് ജൂവലറിക്കു വേണ്ടിയല്ലെന്നും, ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കാനെന്നും എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസിന്റെ സ്വഭാവം മാറി. രാജ്യത്ത് ആക്രമണപരമ്പര ലക്ഷ്യമിട്ട് കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരസംഘം സജീവമാണെന്ന് യു.എൻ മുന്നറിയിപ്പു നൽകുക കൂടി ചെയ്തതോടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കൊടുംകുറ്റകൃത്യമായി സ്വർണക്കടത്തിന്റെ ഭാവം മാറി. ധനാർത്തിക്കാരിയെന്ന ലേബലിൽ നിന്ന് സ്വപ്നാ സുരേഷ് യു.എ.പി.എ ചുമത്തപ്പെട്ട കുറ്റവാളിയായി മാറാൻ ദിവസങ്ങൾപോലും വേണ്ടിവന്നില്ല!

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതോളം അൽക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും,​ ഇവരിലൂടെ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായുമാണ് യു.എൻ മുന്നറിയിപ്പ്. തീവ്രവാദ ഫണ്ടിംഗിനായാണ് ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തെന്ന എൻ.ഐ.എയുടെ കണ്ടെത്തൽ കൂടി ചേർത്തുവയ്‌ക്കുമ്പോൾ കേരളം ഭീകരതയുടെ പ്രിയതീരമായി മാറുന്നുവെന്ന ആശങ്ക പൂർണം. എന്നാൽ,​ സ്വപ്നയിലും സന്ദീപിലും സരിത്തിലും ഒതുങ്ങുന്നതല്ല,​ സ്വർണക്കടത്തിന്റെ കണ്ണികൾ.