siva

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻ ഐ എയുടെ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. എൻ ഐ എയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദനയാണ് നേതൃത്വം നൽകുന്നത്. മൊഴികളിലെ വെെരുദ്ധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. വ്യക്തമായ തെളിവുകൾ നിരത്തിയാണ് ചോദ്യം ചെയ്യൽ. ഡൽഹിയിലെ ആസ്ഥാനത്തിരുന്ന് എൻ.ഐ.എ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ‌ർ മോദി വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യൽ മുഴുവൻ നിരീക്ഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കർ പുലർച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്.ഒമ്പതേകാലോടെയാണ് ശിവശങ്കർ എൻ.ഐ.എ ഓഫീസിൽ എത്തിയത്.

ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂർണമായി ചിത്രീകരിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സ്വർണക്കടത്തിൽ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,​ കുറ്റസമ്മതം നടത്തുകയോ ചെയ്താൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് എൻ.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.

പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കർ ഇവർ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നോ,​ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക.കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയത്.