തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചതായി റിപ്പോർട്ട്. സമ്പൂർണ ലോക്ക് ഡൗൺ അപ്രായോഗികമാണെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സ്ഥലങ്ങളിൽ പൊലീസ് പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഇവിടെ കടകൾ തുറക്കുന്നത് ഉൾപ്പടെയുളള കാര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം. നേരത്തേ നടന്ന സർവ കക്ഷിയോഗത്തിലും സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന അഭിപ്രായമായിരുന്നു ഉയർന്നത്. ധനബില്ലിന് പകരമുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഓൺലൈനിലായിരുന്നു സ്പെഷ്യൽ മന്ത്രിസഭായോഗം ചേർന്നത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ യോഗം ചേർന്നത്. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടുന്ന ഒാർഡിനൻസ് കൊണ്ടുവരേണ്ടതിനാൽ, മന്ത്രിസഭ ചേർന്നേ പറ്റൂ എന്ന സാഹചര്യത്തിലാണ് ഓൺലൈനായി മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചത്. തലസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പല മന്ത്രിമാർക്കും യോഗത്തിൽ എത്തിച്ചേരാനാവില്ല. പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കിൽ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല. അതിനാലാണ് വീഡിയോ കോൺഫറൻസ് ആലോചിച്ചത്. ക്വാറം തികയ്ക്കാൻ ഡിജിറ്റൽ ഹാജർ കൂടി ഉൾപ്പെടുത്താമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി.
തലസ്ഥാനത്തിന് പുറത്ത്, മന്ത്രിസഭായോഗം മുമ്പ് ചേർന്നിട്ടുണ്ട്. പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മന്ത്രിസഭ യോഗം ചേർന്നത്. എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ആലുവ ഗസ്റ്റ്ഹൗസിലും മന്ത്രിസഭായോഗം ചേർന്നു.