secretariate

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി പോലും സംശയ നിഴലിലാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവരുന്ന ഒരു ചോദ്യം എന്തൊക്കെ സഹായങ്ങൾ വാഗ്ദ്ധാനം ചെയ്താണ് ഉന്നതരും, കൺസൾട്ടൻസി കമ്പനികളുമൊക്കെ ഉദ്യോഗസ്ഥരെ വശത്താക്കുന്നത് എന്നാണ്.

സർക്കാരിന്റെ വമ്പൻ കൺസൾട്ടൻസി കരാറുകൾ ലഭിക്കാൻ അന്താരാഷ്ട്ര കമ്പനികൾ ഉന്നത ഉദ്യോഗസ്ഥരെയും, രാഷ്ട്രീയപ്രമുഖരെയും വിദേശത്ത് കുടുംബസമേതം അടിച്ചു പൊളിക്കാൻ പത്ത് ലക്ഷം രൂപയുടെ വരെയുള്ള ഗിഫ്റ്റ് കാർഡുകളും, ക്രെഡിറ്റ് കാർഡുകളും സമ്മാനിച്ച് വരുതിയിലാക്കുന്നതിനെ പറ്റി കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണമായി നൽകുന്ന കമ്മിഷനും കൈക്കൂലിയും പഴങ്കഥയായി. ഇപ്പോൾ ഡിജിറ്റൽ കോഴയാണ്. പർച്ചേസിന് ഗിഫ്‌റ്റ് കാർഡുകൾ. പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡുകളും. സെക്രട്ടേറിയറ്റിലെ ഉന്നതരെത്തേടി കമ്പനികളുടെ കാർഡുകൾ എത്താറുണ്ട്. വിമാനത്താവളങ്ങളിൽ സൗജന്യമായി ഉപയോഗിക്കാം. ഒരിക്കൽ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥർ കമ്പനിയുടെ അടിമകളാകും. രാഷ്ട്രീയപ്രമുഖരുടെ വിദേശയാത്രകളിലും കമ്പനികൾ ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.

വിദേശത്തുപോവുന്ന ഉദ്യോഗസ്ഥർക്ക് ദിവസച്ചിലവിന് 60 ഡോളറാണ് സർക്കാർ നൽകുന്നത്. ഇതുകൊണ്ട് പർച്ചേസൊന്നും നടക്കില്ല. കൺസൾട്ടൻസികൾ ഇതാണ് മുതലെടുക്കുന്നത്. ഒരുവർഷത്തെ കാലാവധിയും പത്തുലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റുമുള്ള കാർഡുകളാണ് സമ്മാനം. അന്താരാഷ്ട്ര കൺസൾട്ടൻസി കമ്പനികൾക്കെല്ലാം കരാർ നേടാനുള്ള ജീവനക്കാരുടെ ചിലവിനായി എക്സ്‌പെൻസ് അക്കൗണ്ടും അതിന് ബാങ്ക് കാർഡുകളുമുണ്ട്. ഈ കാർഡുകളും ഉദ്യോഗസ്ഥർക്ക് കമ്പനികൾ സമ്മാനിച്ചിട്ടുണ്ട്.

അഴിമതിക്കേസുകളിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഭാര്യയ്ക്കൊപ്പം ലണ്ടനിൽ വമ്പൻഷോപ്പിംഗ് നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് കൺസൾട്ടൻസികളുടെ സമ്മാനക്കഥ പരസ്യമായത്.

കാർഡുപയോഗിച്ച് ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങാം,​ പണം പിൻവലിക്കുകയും ചെയ്യാം. സ്വന്തം അക്കൗണ്ടിൽ നിന്ന് പണമിടപാട് ഇല്ലാത്തതിനാൽ അന്വേഷണം വന്നാലും കുഴപ്പമില്ല. മടങ്ങിയെത്തിയ ശേഷം കാർഡ് തിരികെനൽകാം. അല്ലെങ്കിൽ നശിപ്പിക്കാം. വിദേശത്ത് നക്ഷത്രഹോട്ടലുകളിലെ താമസം, സഞ്ചാരം, ഭക്ഷണം, സത്കാരം എന്നിവയ്ക്കെല്ലാം ഈ കാർഡുകൾ ഉപയോഗിക്കാം. അടിക്കടി വിദേശയാത്ര നടത്തിയതിന് ആരോപണവിധേയനായ ഉന്നതനും ബഹുരാഷ്ട്ര കമ്പനിയുടെ സമ്മാനകാർഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.