തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി എൻ ഐ എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ അവർക്ക് നൽകാനായി പകർത്തിത്തുടങ്ങി. ഹാർഡ് ഡിസ്കിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തുന്നത്. ഇവ മുഴുവൻ പകർത്താനായി അഞ്ചുദിവസമെങ്കിലും വേണ്ടിവരും എന്നാണ് അറിയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഓഫീസിൽ എത്തിയോ എന്ന് വ്യക്തമാകാനാണ് എൻ ഐ എ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രതികൾ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഓഫീസുകളിൽ എത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകൾ. ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ജുലായ് ഒന്ന് മുതൽ പന്ത്രണ്ട് വരെയുളള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് എൻ ഐ എ നേരത്തെ കത്ത് നൽകിയിരുന്നു. ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എൻ ഐ എ കത്ത് നൽകിയിരുന്നത്. സെക്രട്ടറിയേറ്റിലെ സി സി ടി വികൾക്ക് ഇടിമിന്നലിൽ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെ പത്തുമണിയോടെയാണ് കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ചാേദ്യംചെയ്യൽ തുടങ്ങിയത്.