pubg

ന്യൂഡല്‍ഹി: ചെെനീസ് ബന്ധമുള്ള കൂടുതൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാർ വ്യക്തമാക്കുന്നത്.

പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ നിരോധനമേർപ്പെടുത്തിയ ആപ്പുകളുടെ പട്ടികയിലുണ്ട്. ചൈനീസ് ടെക് ഭീമന്‍മാരായ മെയ്തു, എല്‍.ബി.ഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.

ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വീഡിയോഗെയിം വികസിപ്പിച്ചതെങ്കിലും, ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്.

ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയാണ് അലിഎക്‌സ്പ്രസിന്റെ ഉടമസ്ഥത വഹിക്കുന്നത്. പബ്ജിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്ലിക്കേഷന്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്കനുസരിച്ച്, പബ്ജി 17.5 കോടി പേരാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.

ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ടിക്ടോക്, ആപ്പുകളായിരുന്നു അന്ന് നിരോധിച്ചത്. ടിക്‌ ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യു.സി ബ്രൗസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ളവയും അന്ന് നിരോധിച്ചിരുന്നു.