ks-chithra

കെ.എസ് ചിത്രയുടെ അമ്പത്തേഴാം ജന്മദിനമാണ് ഇന്ന്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ നിന്നായി കാൽലക്ഷത്തിലധികം പാട്ടുകളാണ്, നാല് പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിനിടെയിൽ പാടിയത്. പാടിയ പാട്ടുകളേപ്പോലെ മാധുര്യം നിറഞ്ഞതാണ് ചിത്ര എന്ന വ്യക്തിയും. വിമർശകരില്ലാത്ത അപൂർവം ആളുകളിൽ ഒരാളാണ് മലയാളത്തിന്റെ ഈ വാനമ്പാടി. പാട്ടുകൾക്കൊപ്പം മുഖത്ത് എപ്പോഴുമുള്ള ചെറുപുഞ്ചിരികൂടിയാണ് മലയാളികൾക്ക് കെ.എസ് ചിത്രയെ ഇത്രയേറെ പ്രിയങ്കരമാക്കിയത്.

എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന സിനിമയിലൂടെയാണ് കെ.എസ് ചിത്ര മലയാള പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മാമാട്ടിക്കുട്ടിയമ്മയിലെ 'ആളൊരുങ്ങി അരങ്ങൊൊരുങ്ങി' എന്ന ഗാനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയായത്. തുടർന്ന് ആറ് ദേശീയ പുരസ്‌കാരങ്ങളുൾപ്പെടെ നിരവധി അവാർഡുകളാണ് ചിത്രയെ തേടിയെത്തിയത്.

പ്രിയപ്പെട്ട ഗായികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടനവിസ്‌മയം മോഹൻലാൽ ഉൾപ്പെടെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.