raj

ജയ്‌പൂർ: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ കൊവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ നിയമസഭ വിളിക്കണമെന്നുള‌ള മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ ശുപാർശ ഗവർണർ കൽരാജ് മിശ്ര തള‌ളി. വെള‌ളിയാഴ്‌ച മന്ത്രിസഭയുടെ ശുപാർശയിലാണ് മുഖ്യമന്ത്രി നിയമസഭ സമ്മേളനത്തിന് ശുപാർശ നൽകിയത്. ഇതാണ് ഗവർണർ തള‌ളിയത്. വീണ്ടും നിയമസഭ ചേരാൻ മുഖ്യമന്ത്രി ശുപാർശ ചെയ്‌തേക്കുമെന്നാണ് രാജസ്ഥാനിൽ നിന്ന് ലഭിക്കുന്ന വിവരം. അതേ സമയം രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ബിജെപി ജനാധിപത്യ പെരുമാ‌റ്റചട്ടങ്ങളെ അട്ടിറിക്കുകയാണെന്നും തിരിച്ചടികൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു. അശോക്‌ ഗലോട്ടിനെ പ്രതിസന്ധിയിലാക്കി ബി എസ് പി അദ്ധ്യക്ഷ മായാവതിയും ഇന്ന് രംഗത്ത് വന്നിരുന്നു. എം എൽ എമാർക്ക്, ബി‌.എസ്.പി വിപ്പ് നൽകിയിരിക്കുകയാണ്. ഗലോട്ടിന് അനുകൂലമായി വോട്ട് ചെയ്‌താൽ നടപടിയുണ്ടാകുമെന്നാണ് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാജസ്ഥാനിൽ വിമത എംഎൽഎമാർക്ക് അനുകൂലമായി ഹൈക്കോടതി നിർദ്ദേശങ്ങൾ വന്നതോടെ സുപ്രിംകോടതിയിൽ രാജസ്ഥാൻ സ്‌പീക്കർ സി.പി.ജോഷി നൽകിയ ഹർജി പിൻവലിച്ചു. വിഷയത്തിൽ രാഷ്‌ട്രീയമായി കോൺഗ്രസ് നേരിടുമെന്ന് സൂചനയുണ്ട്. ഹൈക്കോടതി സമഗ്രമായ ഉത്തരവ് നൽകിയതിനാലാണ് ഹർജി പിൻവലിക്കുന്നതെന്ന് സ്‌പീക്കറിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനായ കപിൽ സിബൽ അറിയിച്ചു.