
കൊച്ചി: രോഗി ചികിത്സ കിട്ടാതെ മരിച്ചുവെന്ന് ആരോപണം. ആലുവയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയാണ് ആംബുലൻസിൽ കിടന്ന് മരിച്ചത്. പനി കടുത്തതിനെ തുടർന്ന് രാവിലെ വിജയനെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം. ഈ സമയം വിജയനെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ആംബുലൻസ് ഡ്രൈവറും നാട്ടുകാരും പറയുന്നത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ തളളിക്കളഞ്ഞു. രോഗിയെ പനി ഒ പിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെന്നും എന്നാൽ കൂടെവന്നവർ ഇതിന് സമ്മതിച്ചില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉളളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ചികിത്സിക്കാൻ ആവുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.