corona-kavacham

രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ വൈറസ് ബാധയ്ക്കെതിരെ കവചം തീർക്കാൻ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ പോളിസി ഇറക്കുകയും ചെയ്തു. ഈ പോളിസിയിൽ നിന്ന് അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരെ ഒഴിവാക്കിയതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ സി.ജെ ജോൺ.

വാർദ്ധക്യ സഹജമായ അസുഖമല്ല കൊവിഡെന്നും, പൊതു സമൂഹം കൂടി കാരണക്കാരാകുന്ന ഒരു പകർച്ച വ്യാധിയാണിത്.അതുകൊണ്ട് തന്നെ കൊവിഡ് രോഗത്തിനുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ മുതിർന്ന പൗരന്മാർക്കും നൽകണമെന്ന് അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കൊറോണ രോഗത്തിനുള്ള കവചം തീർക്കാൻ ഭാരതത്തിലെ ഇൻഷുറൻസ് കമ്പനികൾ പോളിസി ഇറക്കിയപ്പോൾ ജനസംഖ്യയുടെ പത്തു ശതമാനത്തിനു മീതെ വരുന്ന അറുപത്തിയഞ്ച് വയസ്സുകാരെ കാരുണ്യമില്ലാതെ ഒഴിവാക്കി . മുതിർന്ന പൗരന്മാരെന്ന് പറയുമ്പോൾ തേനൊലിക്കുന്ന വർത്തമാനം .റിവേഴ്‌സ് ക്വാറടൈൻ എന്ന ഓമനപ്പേരിൽ വീട്ടിൽ ഇരിക്കാൻ പറയും .എന്നാൽ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ അവർക്കില്ല .അത് പരിഗണിക്കുമ്പോൾ ഇൻഷുറൻസ്‌ കമ്പനിക്ക് കച്ചവട കണ്ണ് .ഈ പരിരക്ഷ മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ നൽകണം .വാർദ്ധക്യ സഹജമായ അസുഖമല്ല ഇത് .പൊതു സമൂഹം കൂടി കാരണക്കാരാകുന്ന ഒരു പകർച്ച വ്യാധിയാണിത് .അത് കൊണ്ട് തന്നെ കോവിഡ് രോഗത്തിനുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ മുതിർന്ന പൗരന്മാർക്കും നൽകണം .ഇതിൽ പതിവ് വയസ്സ് ബ്രാക്കറ്റ് ഇടുന്നതിൽ പോലും യുക്തിയില്ല .ഈ വിവേചനം ക്രൂരമാണ് .നിന്ദ്യമാണ് .പ്രധാന മന്ത്രിയെങ്കിലും ഇത് മനസ്സിലാക്കുവാനുള്ള വിവേകം കാണിക്കുമെന്ന് വിചാരിക്കുന്നു.
(ഡോ :സി ജെ ജോൺ )