kauthukam

ലോകത്തെങ്ങുമുള്ള ഗോത്രവർഗക്കാരുടെ ആചാരങ്ങളും ശീലങ്ങളുമൊക്കെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തവും വിചിത്രവുമാണ്. അങ്ങനെ ഒന്നാണ് പപ്പുവ ന്യൂഗിനിയായിലെ ചിമ്പു എന്ന ഗോത്ര വിഭാഗം. ചിമ്പു ഗോത്രത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിറുത്തുന്ന ഒന്നാണ് അവരുടെ അസ്ഥികൂട നൃത്തം.


പപ്പുവ ന്യൂഗിനിയയിലെ പർവതനിരകളുടെ താഴ്‌വരയായ കോർഡില്ലേരയിൽ താമസമാക്കിയ ജനവിഭാഗമാണ് ചിമ്പു. 1934-ൽ ഓസ്ട്രേലിയയിൽ നിന്ന് വന്ന ഗവേഷകരാണ് ഇങ്ങനെയൊരു ഗോത്രത്തെക്കുറിച്ച് പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. ചിമ്പു ഗോത്രക്കാർ സൂര്യനെയാണ് ആരാധിച്ചിരുന്നത്.


അതുപോലെ മരിച്ചു പോയ അത്മാക്കളിലും ഇവർ വിശ്വാസിച്ചിരുന്നു. ആത്മാക്കളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ഇവർ പന്നിയെ ബലികഴിക്കാറുണ്ട്. ഇവരുടെ വിശ്വാസ പ്രകാരം മരിച്ചു പോയ ഒരാളുടെ ആത്മാവ് ശ്മശാനത്തിന്റെ അടുത്ത് നില്ക്കുമെന്നും ഇവരെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ വളരെ ദോഷം ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.


അസ്ഥികൂട നൃത്തം ആദ്യകാലഘട്ടങ്ങളിൽ നടത്തിയിരുന്നത് ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും മറ്റ് ഗോത്രങ്ങളുമായി യുദ്ധം ചെയ്യാനുമായിരുന്നു. അസ്ഥികൂടത്തിന്റെ മാതൃകയിൽ ഇവർ ശരീരം മുഴുവൻ ചായം വരയ്ക്കുന്നു, അതിനു വേണ്ടി കളിമണ്ണും അതു പോലെ മരത്തിന്റെ കരിയും ഉപയോഗിക്കുന്നു.ഞങ്ങൾ സാധാരണ മനുഷ്യർ അല്ല എന്നും അമാനുഷിക ശക്തികളുടെ ഭാഗമാണെന്നും ശത്രുവിനെ വിശ്വസിപ്പിക്കാനും കൂടിയാണ് ഇവർ ശരീരം മുഴുവൻ ചായം തേയ്ക്കുന്നത്.

പരമ്പരഗതമായി ചിമ്പു ഗോത്രക്കാർ കൂട്ടമായി താമസിക്കാറില്ല. ചിതറി കിടക്കുന്ന വാസസ്ഥലങ്ങൾ ആണ് ഇവർ തിരഞ്ഞെടുക്കുന്നത് .താഴ്ന്ന മേൽക്കൂരയായിരിക്കും മിക്ക വീടുകൾക്കും. ഇവരുടെ ഗോത്രത്തിൽ തന്നെ ചിലയാളുകളിൽ സ്ത്രീകളും കുട്ടികളും, അതിന്റെ കൂടെ വളർത്തു പന്നികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ പുരുഷന്മാർ പ്രത്യേകം നിർമ്മിച്ച മറ്റൊരു വീട്ടിൽ താമസിക്കുന്നു.


പപ്പു വാ ന്യൂഗിനിയയിൽ വർഷം തോറും സെപ്റ്റംബർ 16-ന് വിവിധ ഗോത്രങ്ങൾ തമ്മിൽ ഒത്തു ചേരലും ഗോത്രസമ്മേളനവും നടത്താറുണ്ട് അതിൽ അവരുടെ സംഗീതം, സംസ്കാരം, നൃത്തം എന്നിവ അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ചിമ്പു ജനവിഭാഗത്തിന്റെ അസ്ഥികൂട നൃത്തം.