ന്യൂഡൽഹി: സ്വർണക്കടത്ത് വിഷയം വിശദമായി ചർച്ച ചെയ്‌ത് സി.പി.എം പോളിറ്റ് ബ്യൂറോ. കേന്ദ്രകമ്മിറ്റിക്കിടെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗമാണ് വിഷയം ചർച്ച ചെയ്‌തത്. ആര് തെറ്റ് ചെയ്‌താലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോയെ അറിയിച്ചു.
സ്വർണക്കടത്ത് വിഷയത്തിൽ സർക്കാരിന്റേയും തന്റേയും നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു. എൻ.ഐ.എയുടെ അന്വേഷണവും നടപടികളും നിരീക്ഷിച്ചു വരികയാണെന്നും ഭാവി നിലപാടുകൾ പാർട്ടിയിൽ ചർച്ച ചെയ്തു സ്വീകരിക്കുമെന്നും പിണറായി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രതിപക്ഷ നീക്കങ്ങളെ ഒരുമിച്ച് ചെറുക്കാനാണ് പാർട്ടി തീരുമാനം. പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനം എ.വിജയരാഘവൻ കേന്ദ്രകമ്മിറ്റിയിൽ വിശദീകരിച്ചു. കൺസൾട്ടൻസി വിഷയവും പോളിറ്റ് ബ്യൂറോ യോഗത്തിൽ കേന്ദ്ര നേതൃത്വം പരാമർശിച്ചാതായാണ് വിവരം.