കുളത്തൂർ: ലോക്ക് ഡൗണിനെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാതെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയതോടെ രണ്ട് ലക്ഷത്തോളം അഭ്യസ്തവിദ്യരായ സാധാരണക്കാർ ജോലി ചെയ്യുന്ന ആയിരത്തോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ. സ്കൂൾ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ വരെ നടത്തുന്ന ചെറുതും വലുതുമായ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. മണിക്കൂർ വേതനത്തിനോ മാസം നിശ്ചിത ശമ്പളത്തിനോ വർഷങ്ങളായി ജോലി നോക്കുന്ന ഇവരെല്ലാം പുതിയ തൊഴിൽ തേടേണ്ട സ്ഥിതിയിലാണ്.
ട്യൂട്ടോറിയൽ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലും വാടകയ്ക്കെടുക്കുന്ന സ്ഥലങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. ഉപയോഗിക്കാത്തതിനാൽ ഇരിപ്പിടങ്ങളും ചിതലെടുത്തു നശിച്ചു. കോളേജ് ക്ലാസുകൾ, എൻട്രൻസ് ക്ളാസുകൾ എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനൊക്കെ അപ്പുറത്താണ് അദ്ധ്യാപകരുടെ ദുരിതം. അഞ്ച് മാസമായി ശമ്പളംപോലും പലർക്കും ലഭിച്ചിട്ടില്ല. എല്ലാ മേഖലയിൽപ്പെട്ടവർക്കും സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ ട്യൂട്ടോറിയൽ മേഖലയിലുളളവരെ സർക്കാർ കണ്ടില്ലെന്ന് നടിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് സമാന്തര സ്ഥാപനങ്ങളെ ഏറെയും ആശ്രയിക്കുന്നത്. ലോക്ക് ഡൗൺ കാലത്തെ ഈ പ്രതിസന്ധി ഇവരുടെ ഭാവിയെയാണ് സാരമായി ബാധിക്കുന്നത്. അതേസമയം സർക്കാർ അദ്ധ്യാപകരും ഗവ.ജീവനക്കാരും കൊവിഡിന്റെ മറവിൽ വൻ ഫീസ് ഈടാക്കി ഹോം ട്യൂഷനുകൾ ആരംഭിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിൽ ചില സ്ഥാപനങ്ങൾ അദ്ധ്യാപനം ആരംഭിച്ചുവെങ്കിലും വരുമാനമില്ലാത്ത അവസ്ഥയിൽ ശമ്പളം എങ്ങനെ കൊടുക്കുമെന്നറിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം മാനിച്ച് ഭൂരിഭാഗം കെട്ടിട - സ്ഥല ഉടമകളും മൂന്നുമാസത്തെ വാടക വരെ ഒഴിവാക്കി നൽകിയതാണ് ഏക ആശ്വാസം. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പാരലൽ കോളജ് അദ്ധ്യാപകർക്ക് യാതൊരു സർക്കാർ സഹായവും ലഭ്യമല്ല. ക്ഷേമനിധി പോലും ഇവർക്ക് അന്യമാണ്.
''ദീർഘകാലമായി സമാന്തര കലാലയങ്ങളെ മാത്രം ആശ്രയിച്ചവർക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനാണ്''.
-സി.ജി.ബാബു (ജനറൽ സെക്രട്ടറി ,ആൾ കേരള ടൂട്ടോറിയൽ മാനേജമെന്റ് അസോസിയേഷൻ )