covid-

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാ‌ർ തടഞ്ഞത് ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. വൻ പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം സംസ്കരിച്ചത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൗൺസില‌ർ ഐ പി ബിനു.

"പ്രോട്ടോക്കോൾ പാലിച്ച് മാത്രം നടക്കുന്ന സംസ്കാര ചടങ്ങിന് പലപ്പൊഴും ബന്ധുക്കൾക്ക് പോലും പങ്കെടുക്കാൻ കഴിയില്ല. അവരൊക്കെ ക്വാറന്റൈനിലായിരിക്കും. സമ്പന്നനോ ദരിദ്രനോ എന്ന പരിഗണനയൊന്നും മരണത്തിനില്ല. ജാതി മത ഭ്രാന്തുകളും മരണത്തിനില്ല"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മറവ് ചെയ്യാൻ കഴിയുകയുള്ളൂവെന്നതാണ് സത്യം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ചില മരണനാന്തരച്ചടങ്ങുകൾ നടത്താൻ നിയുക്തനായ ജനപ്രതിനിധികളിലൊരാളാണെന്ന നിലയിലാണ് ഈ കുറിപ്പ്.

ഞാനും വഞ്ചിയൂർ ബാബുവണ്ണനുമൊക്കെ അത്രയേറെ അപകടകരമായ സാഹചര്യം അതിജീവിച്ചാണ് സംസ്കാര ചടങ്ങുകൾ യഥോചിതം നടത്തിയത്. ഇനിയും അങ്ങനെ തന്നെയാകും ഞങ്ങളുടെ ഇടപെടൽ. എന്നാൽ ഇതിനിടയിൽ ബിജെപി കൗൺസിലറും സംഘവും കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം തടഞ്ഞുവെന്നുള്ള വാർത്ത വരുന്നത്.

പ്രോട്ടോക്കോൾ പാലിച്ച് മാത്രം നടക്കുന്ന സംസ്കാര ചടങ്ങിന് പലപ്പൊഴും ബന്ധുക്കൾക്ക് പോലും പങ്കെടുക്കാൻ കഴിയില്ല. അവരൊക്കെ ക്വാറന്റൈനിലായിരിക്കും. സമ്പന്നനോ ദരിദ്രനോ എന്ന പരിഗണനയൊന്നും മരണത്തിനില്ല. ജാതി മത ഭ്രാന്തുകളും മരണത്തിനില്ല. രാഷ്ട്രീയ വേർതിരിവും ഇല്ല. ഈ സാഹചര്യത്തിൽ മരിച്ചവരോടുള്ള ആദരവും മൃതദേഹത്തോടുള്ള ആദരവും പാലിച്ചാണ് ജനപ്രതിനിധികളോ ആരോഗ്യ പ്രവർത്തകരോ പൊലീസോ ഫയർഫോഴ്സ് സംഘമോ സംസ്കാര ചടങ്ങുകൾ നടത്താൻ തയ്യാറാകുന്നതും അത് കൃത്യമായി നി‌‌ർവഹിക്കുന്നതും.

അതിന് സഹായിക്കേണ്ട ചുമതല ഉള്ളവർതന്നെ അത് മുടക്കുന്നത് ശരിയല്ല. നമ്മൾ ചെയ്യേണ്ടത് ഇക്കാലത്ത് ചെയ്യുക തന്നെ വേണം. പട്ടി പുല്ലു തിന്നുകയുമില്ല പശുവിനെ തീറ്റുകയുമില്ലെന്ന് പറയുന്നതുപോലെ അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താൻ ബിജെപിക്കാർ ഇങ്ങനെ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യർത്ഥിക്കുകയാണ്. മരണം ജനനം പോലെ തന്നെ യാഥാർത്ഥ്യമാണ്, അതാർക്കും തടയാൻ കഴിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക.. മറ്റുള്ളവരെ കരുതലോടെ കാണുക.. അതാണ് വേണ്ടത്..സർക്കാരും അരോഗ്യ വിഭാഗവും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.. ഭയപ്പാട് അല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്