sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എൻ.ഐ.എ ദക്ഷിണേന്ത്യൻ മേധാവി കെ.ബി. വന്ദന, ബംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ എന്നിവരാണ് ചോദ്യം ചെയ്യലിൽ പങ്കെടുത്തത്..

തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തത തേടാനാണ് എൻ.ഐ.എയുടെ പ്രധാന ശ്രമം. മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തിൽ കൊച്ചിയിലെത്തിയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്.ഒമ്പത് മണിക്കൂറത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ വിട്ടയച്ചത്.. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ സ്വപ്ന സുരേഷടക്കമുള്ള പ്രതികൾ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സി.സി.ടി. വി ദൃശ്യങ്ങൾ പകർത്തി നൽകാനുള്ള നടപടിയും തുടങ്ങി. രണ്ട് ഘട്ടമായി ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കർ നേരിടുന്ന ചോദ്യം ചെയ്യൽ പിണറായി വിജയൻ സർക്കാരിനും അഗ്നിപരീക്ഷയുടെ മണിക്കൂറുകളാണ് നൽകുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കർ പുലർച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഒമ്പതേകാലോടെയാണ് ശിവശങ്കർ എൻ.ഐ.എ ഓഫീസിൽ എത്തിയത്.

ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂർണമായി ചിത്രീകരിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സ്വർണക്കടത്തിൽ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,​ കുറ്റസമ്മതം നടത്തുകയോ ചെയ്താൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് എൻ.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.

പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കർ ഇവർ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നോ,​ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക.കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയത്.