തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ കുടിവെളള ശുചിത്വപദ്ധതികൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള റൂറൽ വാട്ടർ സപ്ളെ ആൻഡ് സാനിട്ടേഷൻ ഏജൻസി (ജലനിധി) പദ്ധതിയുടെ കാലാവധി പൂർത്തിയായിട്ടും അതിനെ ജലജീവൻ മിഷനിൽ ഉൾപ്പെടുത്താൻ നീക്കം. രണ്ടും സമാന സ്വഭാവമുള്ള പദ്ധതികളാണെന്നും അതിനാൽ കാലാവധി പൂർത്തിയായെങ്കിലും ജലനിധിയെ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തുന്നതിൽ അപാകതയില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്ന വാദം.
ജലനിധി പദ്ധതിയുടെ പദ്ധതിയുടെ ആകെ ചെലവ് 1,360 കോടിയായിരുന്നു. ഇതിന്റെ 65 ശതമാനമായ 884.31 കോടി രൂപ ലോകബാങ്കിൽ നിന്ന് സഹായമായി ലഭിച്ചു. 2001 മുതൽ 2008 വരെയായിരുന്നു ഒന്നാംഘട്ടം. സമയബന്ധിതമായി പൂർത്തിയാകാതെ വന്നതോടെ 2012 വരെ നീട്ടി.
ആദ്യഘട്ടത്തിന് 451 കോടിയാണ് ചെലവിട്ടത്. 2012 മുതൽ 2018 വരെയുള്ള രണ്ടാംഘട്ടത്തിന് 1022 കോടിയാണ് അനുവദിച്ചത്. 2018ൽ പദ്ധതി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, കാലാവധി 2019 സെപ്തംബർ വരെ നീട്ടി. പിന്നീടും പദ്ധതി നീണ്ടതോടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം മാർച്ചിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് കത്തു നൽകി. എന്നാൽ, കാലാവധി നീട്ടുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുകയാണ്. കാലാവധിക്കുശേഷം പദ്ധതി നീളുകയാണെങ്കിൽ വായ്പാ തിരിച്ചടവ് കാലാവധിയും നീളും. ഇത് സർക്കാരിന് നേരത്തെ അടച്ചതിന്റെ ഇരട്ടിത്തുക മടക്കി അടയ്ക്കേണ്ട സ്ഥിതിയുണ്ടാക്കും.
പദ്ധതി വിജയകരമല്ല
2009ൽ സംസ്ഥാന ആസൂത്രണ ബോർഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് പദ്ധതി കേരളത്തിൽ എല്ലായിടത്തും വിജയകരമായിരുന്നില്ല. അതിനാൽതന്നെ ഇത് തുടരേണ്ടതില്ലെന്നും ബോർഡ് നിർദ്ദേശിച്ചിരുന്നു. മാത്രമല്ല. പദ്ധതിയുടെ കാലാവധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാത്തത് സർക്കാരിന് കോടികളുടെ അധികബാദ്ധ്യതയുണ്ടാക്കുന്നുണ്ട്.
സർക്കാരിന്റെ അവകാശവാദം
കുടിവെളള പദ്ധതികളിലായി 10.56 ലക്ഷം പേർക്കും ശുചിത്വ പദ്ധതികളിലായി 8.10 ലക്ഷം പേർക്കും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. മറ്റ് കുടിവെളള പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ആവർത്തന ചെലവിൽ മാത്രം പ്രതിവർഷം 54 കോടിയുടെ കുറവുണ്ട്.
ജലനിധി പദ്ധതി
2001 ജനുവരി 4ന് പദ്ധതിയിൽ ലോകബാങ്കും കേരളവും ഒപ്പുവച്ചു.ആദ്യഘട്ടത്തിൽ 112 പഞ്ചായത്തുകളെയും രണ്ടാംഘട്ടത്തിൽ 200 പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 227 പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പായത്. സംസ്ഥാന സർക്കാരാണ് പണം മുടക്കുന്നത്. പിന്നീട് ബില്ലുകൾ ഓൺലൈൻ വഴി സമർപ്പിക്കുമ്പോൾ ലോകബാങ്ക് തുക അനുവദിക്കും.