കൊച്ചി: കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതിന്റെ ചുവടുപിടിച്ച്, രാജ്യാന്തര സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. ഒരുവേള ഔൺസിന് 1,944 ഡോളർ വരെ ഉയർന്ന വില, പിന്നീട് വ്യാപാരം ചെയ്യപ്പെട്ടത് 1,937.88 ഡോളറിലാണ്. 2011 ആഗസ്‌റ്ര് 22നും സെപ്‌തംബർ 21നും കുറിച്ച 1,917.90 ഡോളറാണ് പഴങ്കഥയായത്.
കൊവിഡ് സൃഷ്‌ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നുവെന്ന വിലയിരുത്തലാണ് സ്വർണത്തിന് നേട്ടമാകുന്നത്. അമേരിക്ക-ചൈന ബന്ധം കൂടുതൽ വഷളായതും ആഗോള ഓഹരി വിപണികൾ നേരിട്ട തളർച്ചയും സ്വർണ വിലക്കുതിപ്പിന് ആക്കം കൂട്ടി. മറ്റു കറൻസികൾക്കെതിരായ വിനിമയ സൂചികയിൽ (ഡോളർ ഇൻഡക്‌സ്) ഡോളറിന്റെ മൂല്യം 94.08ലേക്ക് താഴ്‌ന്നതും പൊന്നിന് കുതിപ്പേകി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവും യൂറോപ്പ്യൻ സെൻട്രൽ ബാങ്കും കൂടുതൽ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളും സ്വർണക്കുതിപ്പിന് വളമാകുന്നുണ്ട്.
പവൻ വില
₹38,600
കേരളത്തിൽ സ്വർണവില മുന്നേറ്റം തുടരുകയാണ്. പവന് ഇന്നലെ 480 രൂപ വർദ്ധിച്ച് വില റെക്കാഡായ 38,600 രൂപയിലെത്തി. 60 രൂപ വർദ്ധിച്ച് 4,825 രൂപയാണ് ഗ്രാം വില. 2020ൽ ഇതുവരെ പവന് കൂടിയത് 9,600 രൂപയാണ്; ഗ്രാമിന് 1,200 രൂപയും. ഈമാസം ആറിന് പവൻ വില 35,800 രൂപയും ഗ്രാം വില 4,475 രൂപയുമായിരുന്നു. അന്നുമുതൽ ഇതുവരെ പവന് 2,800 രൂപ കൂടി; ഗ്രാമിന് 350 രൂപയും.
₹51,833
രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ സ്വർണവില പത്തു ഗ്രാമിന് (തനിത്തങ്കം) 800 രൂപ വർദ്ധിച്ച് 51,833 രൂപയായി. ഇതു റെക്കാഡാണ്.
വെള്ളിക്കും തിളക്കം
വെള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 3,600 രൂപ ഉയർന്ന് ഇന്നലെ വില 64,617 രൂപയായി. കഴിഞ്ഞ 9 വർഷത്തെ ഏറ്രവും ഉയർന്ന വിലയാണിത്.
വില എങ്ങോട്ട്?
നിലവിലെ ട്രെൻഡ് തുടർന്നാൽ, രാജ്യാന്തര വില വൈകാതെ 2,000 ഡോളർ ഭേദിക്കും. കേരളത്തിൽ പവൻ വില 40,000 രൂപയും ഗ്രാം വില 5,000 രൂപയും കടക്കും.
₹43,000
കേരളത്തിൽ ഒരു പവൻ സ്വർണാഭരണത്തിന് നൽകേണ്ട ശരാശരി വില. 3 ശതമാനം ജി.എസ്.ടി, 0.25 ശതമാനം സെസ്, കുറഞ്ഞത് 8 ശതമാനം പണിക്കൂലി എന്നിവ പ്രകാരമുള്ള തുകയാണിത്.
സ്വർണപ്പണയത്തിന് നല്ലകാലം
ലോക്ക്ഡൗണിന് മുമ്പ് 22 കാരറ്ര് സ്വർണം ഈടുവയ്ക്കുമ്പോൾ ഗ്രാമിന് ലഭിച്ചിരുന്ന ശരാശരി വില (ലോൺ ടു വാല്യു - എൽ.ടി.വി) 2,850 രൂപയായിരുന്നു. വില കൂടിയതിനാൽ, ഇപ്പോൾ എൽ.ടി.വി 3,350 രൂപയാണ്. അതായത്, പണയം വയ്ക്കുമ്പോൾ കൂടുതൽ തുക കിട്ടും. കൊവിഡ് സൃഷ്‌ടിച്ച ഞെരുക്കത്തിൽ നിന്ന് കരകയറാൻ സ്വർണപ്പണയത്തിന് പ്രിയമേറുന്നതായാണ് വിലയിരുത്തൽ. 2020ൽ 15-20 ശതമാനം വരെ വർദ്ധന ഗോൾഡ് ലോണിൽ പ്രതീക്ഷിക്കുന്നു.