കോട്ടയം: മദ്യപിച്ച് ലക്കുകെട്ട എ എസ് ഐ ഹോട്ടൽ ജീവനക്കാരനെ അടിച്ച് നിലത്തിട്ടു. ഇതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ നാലുപാടും ചിതറിയോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സർക്കിൾ ഇൻസ്പെക്ടറെ തെറി കൊണ്ട് അഭിഷേകം ചെയ്തു. അവസാനം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ ഇയാളെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ഇന്നലെ സന്ധ്യക്ക് കുട്ടിക്കാനം ജംഗ്ഷനിലാണ് സംഭവം.
കുട്ടിക്കാനം എ.ആർ ക്യാമ്പിലെ എ.എസ്.ഐ സതീശനാണ് (49) മദ്യലഹരിയിൽ സംഹാരതാണ്ഡവമാടിയത്.
ഹോട്ടലിൽ എത്തിയ ഇയാൾ ഹോട്ടൽ ഉടമ പോത്തുപാറ സ്വദേശി മഹേഷിനോട് (25) ഏറ്റുമുട്ടുകയായിരുന്നു. യാതൊരു കാരണവുമില്ലാതെ ഇയാൾ മഹേഷിനെ അടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മർദ്ദനത്തിൽ താഴിവീണ മഹേഷിനെ നിലത്തിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തുവത്രേ. ഹോട്ടലിൽ ഭീകരാവസ്ഥ സംജാതമായതോടെ ഭക്ഷണം കഴിക്കാനെത്തിയവർ ഇറങ്ങി ഓടുകയായിരുന്നു. അവസാനം അടുത്തുളള കടകളിലെ ജീവനക്കാരെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലത്തിച്ചു.
വിവരമറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തിയപ്പോൾ അവരെ അസഭ്യം പറഞ്ഞ് തിരിച്ചയച്ചു. തുടർന്നാണ് സി.ഐ എത്തി ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഇയാൾക്കെതിരെ ഡിപ്പാർട്ടുമെന്റൽ എൻക്വയറി ആരംഭിച്ചിട്ടുണ്ട്.