ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന ചൈനീസ്, പാകിസ്ഥാൻ ഭീഷണികളെ ഇനി ഭാരതത്തിന് ഫലപ്രദമായി നേരിടാം. 7.87 ബില്യൺ യൂറോയുടെ ഫ്രാൻസുമായുളള കരാർ പ്രകാരമുളള 36 ഡസാൾ റഫാൽ വിമാനങ്ങളിൽ പൂർണസജ്ജമായ അഞ്ചെണ്ണം ഉടൻ ഇന്ത്യയിലെത്തും. ഫ്രാൻസിലെ മെറിഗ്‌നാക് എയർബേസിൽ നിന്ന് പറന്നുയർന്ന ഈ അഞ്ച് വിമാനങ്ങൾ 29ന് അംബാലയിലെ എയർ ബേസിൽ വന്നിറങ്ങും.
തയ്യാറായ വിമാനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഫ്രാൻസിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ-ഫ്രാൻസ് പ്രതിരോധ സഹകരണത്തിലെ പുതിയൊരു അദ്ധ്യായം എന്ന പേരിലാണ് ചിത്രം പോസ്‌റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്കുളള 7000 കിലോമീറ്ററിനിടെ ഒരേയൊരു സ്‌റ്റോപ് മാത്രമാകും വിമാനങ്ങൾക്കുണ്ടാകുക. യു എ ഇയിലാണത്. പറക്കലിനിടെ ആകാശത്ത് തന്നെ ഇന്ധനം നിറക്കുകയും ചെയ്യും.
Rafale aircrafts maneuvered by the world’s best pilots, soar into the sky. Emblematic of new heights in India-France defence collaboration #ResurgentIndia #NewIndia@IAF_MCC @MeaIndia @rajnathsingh @Dassault_OnAir @DefenceMinIndia @PMOIndia@JawedAshraf5 @DDNewslive @ANI pic.twitter.com/FrEQYROWSv
— India in France (@Indian_Embassy) July 27, 2020
അംബാലയിൽ വിമാനങ്ങളെത്തുന്നതോടെ രാജ്യത്തെ വായുസേനയുടെ ഭാഗമാകും വിമാനങ്ങൾ. ഇവ എത്തുന്ന ദിനം മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ലെങ്കിലും ആഗസ്‌റ്റ് 20 ന് നടക്കുന്ന ചടങ്ങിന് മാദ്ധ്യമങ്ങൾക്ക് പങ്കെടുക്കാമെന്ന് വായുസേന അധികൃതർ അറിയിച്ചു. നേരത്തെ വിമാനങ്ങൾ പുറപ്പെടും മുൻപ് ഇന്ത്യയുടെ ഫ്രഞ്ച് അംബാസിഡർ ജാവേദ് അഷറഫ് പൈലറ്റുമാരെ സന്ദർശിച്ചിരുന്നു. പൂർണ യുദ്ധസജ്ജമായ സംവിധാനങ്ങളുളള ഒരു വിമാനത്തിന് 1670 കോടിയാണ് വില.
മുൻപ് യുപിഎ സർക്കാരിന്റെ കാലത്താണ് 126 റഫാൽ വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയത്. പിന്നീട് ഇത് റദ്ദാക്കി മോദി സർക്കാർ പൂർണ ആയുധ സജ്ജമായ 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. 59000 കോടിയുടെയായിരുന്നു ഈ കരാർ. കഴിഞ്ഞ വിജയ ദശമി ദിനത്തിൽ ഇതിൽ ആദ്യത്തെ വിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിൽ നിന്നും ഏറ്റുവാങ്ങി. വായുവിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് കരയിലേക്കും ദ്രുതഗതിയിൽ ആക്രമിക്കാനുളള ശേഷിയും ലഡാക്ക് പോലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും പറന്നുയരാനുമെല്ലാമുളള കഴിവ് റഫാൽ വിമാനങ്ങൾക്കുണ്ട്.