juventus

ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ മന്നവേന്ദ്രന്മാരായി മിന്നിത്തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ സാംപഡോറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ക്രിസ്റ്റ്യാനോയുടെ യുവന്റസ് തങ്ങളുടെ തുടർച്ചയായ ഒൻപതാം സെരി എ കിരീടത്തിലാണ് മുത്തമിട്ടത്. ഇൗ സീസണിൽ രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കവേയാണ് 36-ാം കിരീടം യുവയെ ത്തേടിയെത്തിയത്.

ലോക്ക്ഡൗണിന് ശേഷം അപാര ഫോമിലായിരുന്ന യുവന്റസ് പക്ഷേ കഴിഞ്ഞ ചില മത്സരങ്ങളിൽ തോൽക്കുകയും സമനില വഴങ്ങുകയും ചെയ്ത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാമുള്ള ഉയിർത്തെണീൽപ്പായിരുന്നു സ്വന്തം മൈതാനമായ അലിയൻസ് സ്റ്റേഡിയത്തിൽ സാംപഡോറിയയ്ക്ക് എതിരെ നടത്തിയത്. കഴിഞ്ഞ കളിയിൽ അറ്റലാന്റ എ.സി മിലാനുമായി സമനിലയിൽ പിരിഞ്ഞതോടെ സാംപഡോറിയയെ തോൽപ്പിച്ചാൽ കിരീടം ഉറപ്പായിരുന്ന യുവന്റസ് ഇരുപകുതികളിലുമായി ഒാരോ ഗോൾ വീതം നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്തുമായി ആദ്യ ഗോളിന് വഴിതുറന്നത്. 67-ാം മിനിട്ടിൽ ബർണാദേഷി രണ്ടാം ഗോളും നേടി. അവസാന സമയത്ത് കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യാനോ പാഴാക്കിയില്ലായിരുന്നെങ്കിൽ യുവന്റസ് സ്കോർ ഇനിയും ഉയർന്നേനെ.78-ാം മിനിട്ടിൽ തോഴ്സ്ബി രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതിനെത്തുടർന്ന് 10 പേരുമായാണ് സാംപഡോറിയ മത്സരം പൂർത്തിയാക്കിയത്.

ഇൗ വിജയത്തോടെ യുവന്റസിന് 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ഇന്റർമിലാന് 76 പോയിന്റേയുള്ളൂ. ഇനി വ്യാഴാഴ്ച കാഗ്ളിയറിയുമായും അടുത്ത ഞായറാഴ്ച എ.എസ് റോമയുമായായാണ് സെരി എയിൽ ശേഷിക്കുന്ന മത്സരങ്ങൾ.

ഗോളുകൾ ഇങ്ങനെ

1-0

45+7 മിനിട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ

പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് പ്യാനിച്ച് എടുത്ത ഫ്രീകിക്ക് ഗോൾ പോസ്റ്റ് ലക്ഷ്യം വച്ചായിരുന്നില്ല. മറുവശത്ത് പ്രതിരോധഭടന്മാരെ കബളിപ്പിച്ചുനിന്ന ക്രിസ്റ്റ്യാനോയുടെ നേർക്ക് പന്തെത്തിച്ച പ്യാനിച്ചിന്റെ തന്ത്രം വിജയിച്ചു. ക്രിസ്റ്റ്യാനോയുടെ ഷോട്ട് നേരെ വലയിൽ കയറി.

2-0

67-ാം മിനിട്ട്

ബർണാദേഷി

റൊണാൾഡോയുടെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് സാംപഡോറിയ ഗോളി തട്ടിത്തെറുപ്പിച്ചത് പടിടിച്ചെടുത്ത് റീബൗണ്ടിലൂടെ ബർണാദേഷി വലകുലുക്കുകയായിരുന്നു.

9

യുവന്റസിന്റെ തുടർച്ചയായ സെരി എ കിരീടനേട്ടങ്ങളുടെ എണ്ണം. 2011/ 2012 സീസണിൽ കോച്ച് അന്റോണിയോ കോണ്ടേയുടെ കീഴിലാണ് തുടർ കിരീടനേട്ടങ്ങൾക്ക് തുടക്കമിട്ടത്.മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്തശേഷം കോണ്ടേ മാക്സിമിലാനോ അലെഗ്രിയ്ക്ക് വഴിമാറി. അദ്ദേഹം അഞ്ചുതവണ ചാമ്പ്യന്മാരാക്കി.

1

മൗറീഷ്യോ സരിക്ക് കീഴിൽ യുവന്റസ് നേടുന്ന ആദ്യ കിരീടമാണിത്.

36

യുവന്റസ് ഇതുവരെ സ്വന്തമാക്കിയ സെരി എ കിരീടങ്ങളുടെ എണ്ണം.ഇറ്റാലിയൻ ഫുട്ബാളിലെ മാത്രമല്ല യൂറോപ്യൻ റെക്കാഡുകൂടിയാണിത്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇത്രയും കിരീടങ്ങൾ നേടിയ മറ്റൊരു ക്ളബ് ഇല്ല.

7

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടങ്ങളുടെ എണ്ണം.മാഞ്ചസ്റ്റർ യുണൈറ്റഡിനാെപ്പം മൂന്ന് ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടങ്ങളിലും റയൽ മാഡ്രിഡിനാെപ്പം രണ്ട് സ്പാനിഷ് ലാ ലിഗ കിരീടങ്ങളിലും മുത്തമിട്ട ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിൽ തന്റെ യുവന്റസിലേക്കുള്ള വരവിൽത്തന്നെ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

31

ഇൗ സീസണിൽ സെരി എയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം. ഇൗ സീസണിലെ യുവന്റസിന്റെ ടോപ് സ്കോററർ.രണ്ട് മത്സരങ്ങൾ ശേഷിക്കേ നാലുഗോളുകൾ കൂടി നേടിയാൽ ബയേണിന്റെ റോബർട്ടോ ലെവാൻഡോവ്സ്കിയെ മറികടന്ന് ക്രിസ്റ്റ്യാനോയ്ക്ക് യൂറോപ്യൻ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാം. സെരി എയിൽ പുതിയ നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ തികയ്ക്കുന്ന യുവന്റസ് താരമെന്ന റെക്കാഡ് നേരത്തേ സ്വന്തമാക്കിയിരുന്നു.

ഇൗ കിരീടനേട്ടം ഒട്ടും എളുപ്പമായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ സീസണാണ് കടന്നുപോകുന്നത്. കൊവിഡും മറ്റുമായി മനസുതന്നെ തകർന്നയിടത്തുനിന്നാണ് കിരീടത്തിലേക്ക് എത്തുന്നത്.