chinese-app

ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ആപ്പുകള്‍ക്ക് പിന്നാലെ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകളാണ് പുതുതായി നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, പ്രതിരോധം എന്നിവ മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനവും. ഇതോടെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകളുടെ എണ്ണം 106 ആയി ഉയര്‍ന്നു.

പുതുതായി നിരോധിച്ചവയില്‍ ടിക് ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയര്‍ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, വി.എഫ് വൈ ലൈറ്റ് എന്നിവയും ഉള്‍പ്പെടുന്നു. നേരത്തെ നിരോധിച്ച ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നടപടി.പബ്ജിയുള്‍പ്പെടെയുള്ള 275 ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലോ വ്യക്തി വിവരങ്ങളുടെ ചോര്‍ച്ചയോ നടക്കുന്നുണ്ടോ എന്നറിയാന്‍ 275 ആപ്പുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെയാണ് 47 ആപ്പുകള്‍ നിരോധിച്ചെന്ന സ്ഥിരീകരണം വന്നിരിക്കുന്നത്. പബ്ജി, സിലി, റെസ്സോ, അലിഎക്സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ടിക്ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെയുള്ള ആപ്പുകളായിരുന്നു അന്ന് നിരോധിച്ചത്.