ലോസ്ആഞ്ചലസ് : ലോകപ്രശസ്ത ജപ്പാനീസ് ഫാഷൻ ഡിസൈനർ കാൻസായ് യമാമോട്ടോ അന്തരിച്ചു. 76 വയസായിരുന്നു. ലുക്കീമിയ ബാധിതനായിരുന്നു. യമാമോട്ടോയുടെ കമ്പനി അധികൃതരാണ് മരണവിവരം പുറത്തുവിട്ടത്. കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ സ്റ്റൈലുകളുമായി സെലിബ്രിറ്റികളുടെ പ്രിയങ്കരനായിരുന്ന യമാമോട്ടോ പ്രശസ്ത ഗായകൻ ഡേവിഡ് ബോയിയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിലൂടെയാണ് ലോകശ്രദ്ധയാകർഷിച്ചത്. ഡേവിഡ് ബോയിയുടെ 'സിഗ്ഗി സ്റ്റാർഡസ്റ്റ്' തുടങ്ങിയ ഗാനങ്ങൾക്ക് യമാമോട്ടോ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഫാഷൻ ലോകത്തെ ഇളക്കി മറിച്ചിരുന്നു.
സ്ത്രീ, പുരുഷ വസ്ത്ര സങ്കല്പങ്ങളിൽ നിലനിന്നിരുന്ന മാനദണ്ഡങ്ങളെയൊന്നും വകവയക്കാതെ നൂതനമായ പാറ്റേണുകളിലും കളറുകളിലുമാണ് യമാമോട്ടോ വസ്ത്രങ്ങൾ രൂപകല്പന ചെയ്തിരുന്നത്. 1971ൽ ലണ്ടൻ ഫാഷൻ വീക്കിൽ ചുവടുവച്ച യമാമോട്ടോ ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യ ജപ്പാനീസ് ഡിസൈനറായിരുന്നു. ട്രെഡീഷണൽ ജപ്പാനീസ് ടച്ചിനെ ഫാന്റസിയുമായി കൂട്ടിക്കലർത്തിയ യമാമോട്ടോയുടെ ഡിസൈനുകളെല്ലാം തന്നെ ബോൾഡ് ആയിരുന്നു.
ലണ്ടൻ ഫാഷൻവീക്കിൽ മാറ്റുരച്ചതോടെയാണ് യമാമോട്ടോയെ തേടി പോപ്പ് സംഗീതലോകവും എത്തുന്നത്. ഡേവിഡ് ബോയിയെ കൂടാതെ എൽട്ടൺ ജോൺ, സ്റ്റീവീ വണ്ടർ തുടങ്ങിയ നിരവധി ഗായകരും യമാമോട്ടോയുടെ ഡിസൈനുകളിൽ തിളങ്ങി.
1974 മുതൽ 1992 വരെ ടോക്കിയോ, ന്യൂയോർക്ക്, പാരീസ് ഫാഷൻവീക്കുകളെ സജീവ സാന്നിദ്ധ്യമായിരുന്നു യമാമോട്ടോ.
1944ൽ ജപ്പാനിലെ യോക്കോഹാമയിൽ ജനിച്ച യമാമോട്ടോ ആദ്യം എൻജിനിയറിംഗിലാണ് ബിരുദം നേടിയത്. പിന്നീട് ഫാഷൻ മേഖലയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.