borris

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പുതിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തടി കുറയ്ക്കൂ കൊറോണയിൽ നിന്ന് രക്ഷനേടൂവെന്നാണ് ബോറിസ് സോഷ്യൽ മീഡിയ വഴി നൽകുന്ന ഉപദേശം. കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയ ശേഷമാണ് തന്റെ തടിയെക്കുറിച്ചും അത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ബോറിസ് തന്റെ ജനങ്ങളെ ഉത്ബോധിപ്പിച്ചിരിക്കുന്നത്.

എനിക്ക് തടി കൂടുതലാണ് എന്ന് ബോറിസ് തുറന്നു സമ്മതിക്കുന്നുമുണ്ട്. അസുഖം വന്ന് ആശുപത്രിയിലെ ഐ.സി.യുവിലായപ്പോഴാണ് എന്റെ തടി എത്രത്തോളം പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്. തടി കുറയ്ക്കുക എന്നത് എന്റെ മുന്നിൽ ഒരു വലിയ ടാസ്കായിരുന്നു. എന്നാൽ, ഒരൽപ്പം തടി കുറഞ്ഞപ്പോൾ തന്നെ വളരെ എനർജി ലഭിച്ചതായി തോന്നുന്നു. നിങ്ങളും തടി കുറയ്ക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്നാണ് ബോറിസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇതോടൊപ്പം ഒരു ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. എന്തായാലും ബോറിസിന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. എന്നാൽ, ചിലയിടങ്ങളിൽ മാത്രം എതിരഭിപ്രായവും ഉയരുന്നുണ്ട്. തടിയുള്ളവർ മോശക്കാരല്ലെന്നും എല്ലാവരും വാരിവലിച്ച് തിന്ന് തടി വയ്ക്കുന്നവരല്ലെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെക്കാൾ ബ്രിട്ടൻ കുറച്ച് 'ഫാറ്റി"യാണെന്ന് ബോറിസ് കഴിഞ്ഞ മാസം നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു.