കോട്ടയം: കഴിഞ്ഞയാഴ്ച വെണ്ണിമല ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ ക്ഷേത്ര-അമ്പല മോഷ്ടാവ് കാഞ്ഞിരപ്പാറ മുകേഷ് കറുകച്ചാലിൽ പിടിയിലായി. കങ്ങഴ സെന്റ് തോമസ് എൽ.പി സ്കൂളിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. കാഞ്ഞിരപ്പാറ എരുമത്തല പെരുങ്കാവുങ്കൽ മുകേഷ് (31) എരുമത്തലയിൽ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ ശിക്ഷകഴിഞ്ഞ് ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
വാതിൽ തകർത്ത് സ്കൂൾ കെട്ടിടത്തിനുള്ളിൽ കയറിയ ഇയാൾ അലമാരയിലുണ്ടായിരുന്ന പേപ്പറുകൾ വാരി പുറത്തിട്ട് പണം തിരഞ്ഞു. ടി.വിയും ഇളക്കിമാറ്റിവച്ചു. അപ്പോഴേയ്ക്കും നേരം പുലർന്നതിനാൽ റബർതോട്ടത്തിലെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു.
ഇയാൾ റബർതോട്ടത്തിലൂടെ നടക്കുന്നതുകണ്ട് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കൈയോടെ പിടികൂടുകയായിരുന്നു. വെണ്ണിമല ക്ഷേത്രം, കാനം സെന്റ് തോമസ് പള്ളി, കാനം സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ മോഷണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.