കൊച്ചി/പാലക്കാട്: പാലക്കാട് ഒരു അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താത്ക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്.
ആലപ്പുഴ ചേർത്തലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചേർത്തല തെക്കെ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യയ്ക്കും, മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ മറ്റൊരു മകനും കുടുംബവും നിരീക്ഷണത്തിലാണ്. നഗരസഭ മുപ്പതാം വാർഡ് അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് താമസിക്കുന്ന ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.
അതേസമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇവിടെ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ രോഗലക്ഷണം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.